Local

പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

മലപ്പുറം: പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് മനാഫ് അറസ്റ്റില്‍. ഒളിവിലായിരുന്ന മുഖ്യപ്രതി മനാഫിനെ വൈക്കത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി കബീര്‍( 33)ആണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയിലാണ് കബീറിന് മര്‍ദനമേറ്റത്.

ചികിത്സയിലിരിക്കെ 24 നായിരുന്നു കബീര്‍ മരിച്ചത്. അടിപിടിയില്‍ പരുക്കേറ്റ കബീറിനെ സഹോദരന്‍ ഗഫൂറും കൂട്ടുകാരും ചേര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കബഡി കളിക്കിടെ കബീറിന് പരുക്ക് പറ്റിയെന്നായിരുന്നു മനാഫ് ഡോക്ടറോട് പറഞ്ഞത്. കബീറിന്റെ പരുക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫ് ഒളിവില്‍ പോകുകയായിരുന്നു.