Business

സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന് 57,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45 കൂടി 7140 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 76,385 രൂപയാണ്.

ഇപ്പോൾ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. യുക്രൈൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തിരഞ്ഞെടുപ്പ് ഫലവും സ്വർണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഈ മാസം നാലിന് ആണ് സ്വർണവില 56,960 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ് കുറിച്ചത്. തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ വില 56,200 രൂപ വരെയായി താഴ്ന്നു. എന്നാൽ ഇന്ന് വീണ്ടും വില വർദ്ധിക്കുകയായിരുന്നു. ഈ വർഷം അവസാനത്തോടെ സ്വർണവില പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയെത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്.

Tags

About the author

KeralaNews Reporter

Add Comment

Click here to post a comment