Kerala

പെരിന്തൽമണ്ണയിൽ സ്വർണം കവർന്ന സംഭവം; നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ നാലുപേരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സ്വർണം ഇതുവരെ കിട്ടിയില്ല. അഞ്ചുപേർ കൂടി സംഘത്തിൽ ഉണ്ടെന്നാണ് വിവരം.

കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ്, അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തി അക്രമികൾ സ്വർണം കവരുകയായിരുന്നു.

കവർച്ചാ സംഘത്തിന്റെ ആസൂത്രിതമായ നീക്കമായാണ് പൊലീസ് സംഭവത്തെ കണക്കാക്കുന്നത്. വടക്കൻ കേരളത്തിലെ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തൽമണ്ണ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പെരിന്തൽമണ്ണ ജൂബിലി ജംങ്ഷന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ആഭ്യന്തര വിപണിയിൽ രണ്ടു കോടിക്ക് മുകളിൽ മൂല്യം വരുന്ന സ്വർണമാണ് കവർന്നത്.

വീട്ടിലേക്ക് വരികയായിരുന്ന യൂസഫിനെയും ഷാനവാസിനെയും പിന്തുടർന്നെത്തിയ സംഘം, കാർ ഉപയോഗിച്ച് സ്‌കൂട്ടർ ഇടിച്ചിട്ടു. ഇവരുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്‌കൂട്ടർ മറിഞ്ഞു. അക്രിമികൾ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കാറിൽ കടക്കുകയായിരുന്നു. ഊട്ടി റോഡിലാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്. ഓടിട്ട കെട്ടിടമായതിനാൽ ആഭരണങ്ങൾ കടയിൽ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്.