ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ശുഭവാര്‍ത്ത. ഫെബ്രുവരി അഞ്ചിന് നടന്ന ധനയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ ആര്‍ബിഐ റിപ്പോ റേറ്റ് കുറച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് നിരക്ക് കുറവ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ വര്‍ധനവ് മാത്രം കണ്ടുശീലിച്ച ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ആശ്വാസമാകും. ഫ്‌ളോട്ടിങ് റേറ്റില്‍ ഭവനവായ്പയെടുത്തവര്‍ക്കായിരിക്കും ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക.
ജിഡിപി വളര്‍ച്ചയെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പണപ്പെരുപ്പം കുറച്ചുനാളുകളായി തൃപ്തികരമായ നിലയില്‍ തുടരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തിന് ആര്‍ബിഐ തയ്യാറായിരിക്കുന്നത്. ഭവന-വാഹന വായ്പയെടുത്തവര്‍ക്ക് ആശ്വാസം എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇത്തരത്തില്‍ വായ്പ നിരക്ക് കുറയുന്നതോടെ പണം ചെലവഴിക്കുന്നതില്‍ സ്വാഭാവികമായും വര്‍ധനവുണ്ടാകും. കൂടുതല്‍ പണം വിപണിയിലെത്തുന്നതിനൊപ്പം തന്നെ നിക്ഷേപങ്ങളും വര്‍ധിക്കും ഇത് സമ്പദ് വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നാണ് കരുതുന്നത്.
പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. വായ്പ എടുത്തവര്‍ക്ക് പുതിയ നിരക്കുപ്രകാരം വായ്പ അടച്ചുതീര്‍ക്കുകയോ നിലവിലുള്ള നിരക്കില്‍ വായ്പ അടച്ച് വായ്പ കാലയളവ് കുറയ്ക്കുകയോ ചെയ്യാനാകും. വേഗത്തില്‍ വായ്പ അടച്ചുതീര്‍ക്കുന്നതിന് ഇത് സഹായകമാകുമെന്ന് ചുരുക്കം. 20 വര്‍ഷത്തേക്ക് 30 ലക്ഷം രൂപയാണ് നിങ്ങള്‍ ഭവന വായ്പ എടുത്തിരിക്കുന്നത് എങ്കില്‍ പലിശ നിരക്ക് 9 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായി കുറയുകയാണെങ്കില്‍ ഇഎംഐ 26,992ല്‍ നിന്ന് 26,551 ആയി കുറയും. പുതുതായി വീട് വാങ്ങാനാഗ്രഹിക്കുന്ന മധ്യവര്‍ഗക്കാര്‍ക്ക് പലിശ നിരക്കിലുണ്ടാകുന്ന കുറവ് വലിയ രീതിയില്‍ ഗുണം ചെയ്യും. പലിശ നിരക്ക് കുറഞ്ഞത് വീടുവാങ്ങുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും.
റിപ്പോ റേറ്റില്‍ 25 ബേസിസ് പോയിന്റ് കട്ട് കൊണ്ടുവരാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ഇത് ഇഎംഐ ഭാരമില്ലാത്തതാക്കും, നിക്ഷേപം വര്‍ധിപ്പിക്കും. നിലവില്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും ആളുകള്‍ പണം വീടുവാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ സഹായിക്കും. സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി സ്ഥാനമേറ്റെടുത്തതിന് ശേഷം അധ്യക്ഷത വഹിച്ചുകൊണ്ടുള്ള ആദ്യ ധനനയ യോഗമാണ് ഫെബ്രുവരി അഞ്ചിന് നടന്നത്.
Add Comment