തിരുവനന്തപുരം: ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനൽകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.
മൃതദേഹം ബന്ധുക്കൾ സ്വീകരിക്കുമെന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കിൽ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബിൽ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങൾ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
നെയ്യാറ്റിൻകരയിൽ പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയുടെ മരണം ചർച്ചയായത്.
അച്ഛൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കൾ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞിരുന്നു.
Add Comment