Kerala

11 സർവകലാശാലകളുടെയും നിയന്ത്രണം കൈക്കലാക്കി ഗവർണർ

സംസ്ഥാനത്ത് ഗവർണർ ചാൻസലറായുള്ള 14 സ്റ്റേറ്റ് സർവകലാശാലകളില്‍ 11ലും നിയന്ത്രണമുറപ്പാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

എം.ജി, മലയാളം, കാർഷിക സർവകലാശാലകളില്‍ മാത്രമാണ് സർക്കാർ നിർദേശം പരിഗണിച്ച്‌ ഗവർണർ വി.സി നിയമനം നടത്തിയത്.

അവശേഷിക്കുന്ന 11 ഇടത്ത് മിക്കതിലും സർക്കാർ പാനല്‍ തള്ളിയാണ് നിയമനം നടത്തിയത്. സാധാരണ സർവകലാശാല ഭരണത്തില്‍ അധികാരത്തിലിരിക്കുന്ന സർക്കാറിന് നിയന്ത്രണം ലഭിക്കാറുണ്ട്. സർക്കാർ താല്‍പര്യം പരിഗണിച്ചാണ് ഗവർണർ നടത്താറ്. സർക്കാറും ഗവർണറും തുറന്ന പോരിലായതോടെയാണ് പാനലില്ലാതെയും ലഭിച്ച പാനല്‍ തള്ളിയും ഗവർണർ വി.സി നിയമനം നടത്തുന്നത്. ഇതില്‍ ഒടുവിലത്തേതാണ് സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാലകളിലെ നിയമനങ്ങള്‍. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളില്‍ താല്‍ക്കാലിക വി.സി നിയമനത്തിനായി സർക്കാർ പാനല്‍ സമർപ്പിച്ചെങ്കിലും മൂന്നിടത്തും സ്വന്തം നിലക്കാണ് ഗവർണർ നിയമിച്ചത്. സ്വന്തം വി.സിമാർ വന്നതോടെ, ഇവിടങ്ങളിലെ ഭരണം നേരിട്ട് നിയന്ത്രിക്കാൻ രാജ്ഭവന് കഴിയുന്നു.

രാജ്ഭവനെ മറയാക്കി സർവകലാശാലകള്‍ ലക്ഷ്യമിട്ട് നീക്കം നടത്തുന്ന സംഘ്പരിവാറിന് ഇത് അനുകൂല സാഹചര്യവുമായി. സർക്കാറുമായി ആലോചിക്കാതെയാണ് ആരോഗ്യ സർവകലാശാല വി.സിയായ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നല്‍കിയത്. അദ്ദേഹത്തിനുതന്നെ കേരള സർവകലാശാല വി.സിയുടെ അധിക ചുമതലയും നല്‍കി. സാങ്കേതിക സർവകലാശാലയില്‍ പ്രത്യക്ഷ സംഘ്പരിവാർ സഹയാത്രികനായ കുസാറ്റിലെ ഡോ. ശിവപ്രസാദിന് വി.സിയുടെ ചുമതല നല്‍കിയതും സർക്കാറിന് പ്രഹരമായി.

എം.ജി സർവകലാശാലയില്‍ പ്രോ-വൈസ് ചാൻസലറായിരുന്ന ഡോ. സി.ടി. അരവിന്ദ്കുമാറിനും മലയാളം സർവകലാശാലയില്‍ ഡോ. എല്‍. സുഷമക്കും വി.സിയുടെ ചുമതല നല്‍കിയത് സർക്കാർ സമർപ്പിച്ച പാനലില്‍നിന്നാണ്. കാർഷിക സർവകലാശാല വി.സിയായി കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോകിന് ചുമതല നല്‍കിയത് പ്രോ- ചാൻസലറായ കൃഷി മന്ത്രിയുടെ ശിപാർശ പ്രകാരമാണ്.

സർവകലാശാല സിൻഡിക്കേറ്റ് യോഗങ്ങളിലെടുക്കുന്ന വിവാദ തീരുമാനങ്ങള്‍ ചാൻസലറുടെ അംഗീകാരത്തിനയച്ച്‌ റദ്ദാക്കുന്ന നടപടിയും ഗവർണർ സ്വന്തംനിലക്ക് നിയമിച്ച വി.സിമാരില്‍ ചിലർ നടത്തുന്നുണ്ട്. ഇതുവഴി സർവകലാശാല ഭരണസമിതികളെ നിയന്ത്രിക്കാൻ ഗവർണർക്കാകുന്നു. സാങ്കേതിക സർവകലാശാലയിലുള്‍പ്പെടെ നടക്കാനിരിക്കുന്ന അധ്യാപക നിയമനങ്ങളില്‍ ഇടപെടാൻ രാജ്ഭവനെ മറയാക്കി സംഘ്പരിവാർ നീക്കം നടത്തുന്നുണ്ട്.