Travel

‘ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍’; 44 പ്ലാറ്റ്‌ഫോമുകളുളള ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷൻ

ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമല്ല ഗതാഗതങ്ങള്‍. ഇവയില്‍ ചിലതൊക്കെ അവയുടെ ചരിത്രപരമായ പ്രത്യേകതകൊണ്ടും വേറിട്ട് നില്‍ക്കുന്നു. അത്തരത്തിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ന്യൂയോര്‍ക്ക് നഗരത്തിലെ ‘ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍’.

ന്യൂയോര്‍ക്ക് സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന്‍ അഥവാ ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനല്‍ 1913ല്‍ ആണ് പൂര്‍ത്തിയാക്കുന്നത്. അതിനിടയിലാണ് മിഡ്ടൗണ്‍ മാന്‍ഹട്ടനില്‍ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ ആന്‍ഡ് ഹഡ്‌സണ്‍ റിവര്‍ റെയില്‍ റോഡ് , ഹാര്‍ലേം റെയില്‍റോഡ്, ന്യൂ ഹാവന്‍ റെയില്‍ റോഡ് എന്നിവയ്ക്കായി ഒരു സെന്‍ട്രല്‍ സ്റ്റേഷന്‍ സൃഷ്ടിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചന ഉണ്ടാകുന്നത്. വാറന്‍, വൈറ്റ്‌മോര്‍ എന്നിവര്‍ക്കൊപ്പം വാസ്തുവിദ്യാസ്ഥാപനങ്ങളായ റീഡ് ആന്‍ഡ് സ്റ്റെം ഇവ കൂടി ചേര്‍ന്നാണ് ഈ വലിയ റെയില്‍വേസ്‌റ്റേഷന്‍ രൂപകല്‍പന ചെയതത്.

ന്യൂയോര്‍ക്ക് സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന്റെ പ്രത്യേകതകള്‍

അക്കാദമിക് വാസ്തുവിദ്യാ ശൈലിയായ ബ്യൂക്‌സ് ആര്‍ട്ട് വാസ്തുവിദ്യയുടെ മാസ്റ്റര്‍പീസാണ് ഈ റെയില്‍വേ സ്റ്റേഷന്‍. സ്‌റ്റേഷന്റെ പ്രധാനപ്പെട്ട ഭാഗത്ത് 12 സ്വര്‍ണ്ണ ഇലകളുള്ള നക്ഷത്ര സമൂഹങ്ങളും 2,500 നക്ഷത്ര ലൈറ്റുകളുമുളള അതിമനോഹരമായ സീലിംഗ് മ്യൂറലും ഉണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. അതുപോലെതന്നെ ഇന്‍ഫര്‍മേഷന്‍ ബൂത്തിന് മുകളിലുള്ള നാല് മുഖങ്ങളോട് കൂടിയ ഓപല്‍ ക്ലോക്ക് ആണ് ഈ സ്ഥലത്തിന്റെ മറ്റൊരു പ്രധാന സവിശേഷിത.

44 പ്ലാറ്റ്‌ഫോമുകളും 67 ട്രാക്കുകളും

ബിസിനസ്, ഫാഷന്‍, തൊഴിലവസരങ്ങള്‍ എന്നിവയുടെ കേന്ദ്രമായതുകൊണ്ടുതന്നെ ന്യൂയോര്‍ക്ക്, സന്ദര്‍ശകരെയും കുടിയേറ്റക്കാരെയും ഉള്‍ക്കൊള്ളുന്നതിനായി സ്റ്റേഷനെ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇന്ന് സ്റ്റേഷന്‍ 44 പ്ലാറ്റ്‌ഫോമുകളും 67 ട്രാക്കുകളിലുമായി വ്യാപിച്ചുകിടക്കുകയാണ്. മുകളിലത്തെ നിലയില്‍ 41 ട്രാക്കുകളും താഴത്തെ നിലയില്‍ 26 ട്രാക്കുകളും ഉള്‍ക്കൊളളുന്നു. റെയില്‍വേ സ്റ്റേഷന്‍ എന്നതിലുപരി പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. പ്രതിദിനം 150,000ത്തിലധികം സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.

രഹസ്യ പ്ലാറ്റ്‌ഫോമുള്ള റെയില്‍വേസ്‌റ്റേഷന്‍

ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനലിന്റെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഇവിടെ ഒരു രഹസ്യ പ്ലാറ്റ്‌ഫോം ഉണ്ട് എന്നതാണ്. വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിന് താഴെ സ്ഥിതിചെയ്യുന്ന ട്രാക്ക് 61 ആണ് ആ രഹസ്യ പ്ലാറ്റ്‌ഫോം. ഇത് യഥാര്‍ഥത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയ്ക്കും വാഷിംഗ്ടണ്‍ ഡിസിക്കും ഇടയില്‍ രഹസ്യമായി സഞ്ചരിക്കുന്നതിനായി പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റിനായി നിര്‍മ്മിച്ചതാണ്. ഈ ട്രാക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടില്ല.

About the author

KeralaNews Reporter

Add Comment

Click here to post a comment