Kerala

പീഡന പരാതി കേസ്; എസ്‌ഐടി സെന്‍സേഷണലൈസ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് സിദ്ദിഖ്

ന്യൂഡല്‍ഹി: പീഡന പരാതി കേസ് സെന്‍സേഷണലൈസ് ചെയ്യാന്‍ എസ്‌ഐടി ശ്രമിക്കുന്നുവെന്ന് കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖ്. അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നുമാണ് സിദ്ദിഖിന്റെ വാദം. സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ മറുപടി.

സമാന കേസുകളിലെ പല പ്രതികള്‍ക്കും സെഷന്‍സ് കോടതികളും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നല്‍കി. തന്റെ മുന്‍കൂര്‍ ജാമ്യത്തെ മാത്രം ബാഹ്യമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ എതിര്‍ക്കുന്നു. എസ്‌ഐടി സെലക്ടീവ് ആകുന്നുവെന്നും സിദ്ദിഖിന്റെ മറുപടിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗം മാത്രമാണ് എസ്‌ഐടി അറിയിച്ചത്. ഇതുവഴി എസ്‌ഐടി തെറ്റായ രൂപമാണ് നല്‍കുന്നത്. പൊലീസ് തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നു. ആദ്യം തെളിവ് നല്‍കണം, ശേഷം ചോദ്യം ചെയ്യാമെന്നാണ് എസ്‌ഐടിയുടെ നിലപാട്. തന്നെ ചോദ്യം ചെയ്യണമെന്ന് എസ്‌ഐടിക്ക് താല്‍പര്യമില്ലെന്നും സിദ്ദിഖ് ആരോപിച്ചു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് സിദ്ദിഖ്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവ നടിയുടെ പരാതി. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.