Lifestyle

AI യുടെ വളര്‍ച്ച ആത്മീയ രംഗത്തേക്കും കടന്നെത്തിയോ?

AI യുടെ കടന്നുവരവ് പ്രത്യക്ഷമാകാത്ത ഒരു മേഖലയും ഇന്നില്ല. ടെക്‌നോളജി, വിദ്യാഭ്യാസം, മെഡിക്കല്‍ രംഗം എന്നിങ്ങനെ പല മേഖലകളിലും AI കടന്നുവന്നു. ഏറ്റവുമൊടുവില്‍ ആത്മീയതയുമായി ബന്ധപ്പെട്ടയിടങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റം ഉണ്ടായി എന്നതാണ് എടുത്തുപറയേണ്ടകാര്യം. മതനേതാക്കന്‍ന്മാര്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന പ്രഭാഷണങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും മറ്റും AI ഉപയോഗിച്ചു തുടങ്ങി.

അമേരിക്കയിലെ ഹൂസ്റ്റണിലെ ഒരു ദേവാലയത്തില്‍ സ്പീക്കറുകളിലൂടെ പതിവുപോലെ എല്ലാവരും ആ ശബ്ദം കേട്ടു. വിശ്വാസികള്‍ക്ക് സുപരിചിതനായ മതനേതാവ് റബ്ബി ജോഷ് ഫിക്‌ലറിന്റേതായിരുന്നു ആ ശബ്ദം. എന്നാല്‍ അത് AI യുടെ ശബ്ദമാണെന്ന സത്യം ജനങ്ങള്‍ അറിയുന്നത് പിന്നീട് ഫിക്‌ലര്‍ തന്നെ വെളിപ്പെടുത്തുമ്പോഴാണ്‌. മത നേതാവായ റബ്ബി ജോഷ് ഫിക്‌ലര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ദൈവശാസ്ത്ര ഗവേഷണം നടത്തുന്ന മതനേതാക്കളില്‍ ഒരാളാണ്. ഒരു ഡേറ്റ സയന്റിസ്റ്റിന്റെ സഹായത്തോടെ ഫിക്‌സ്‌ലര്‍ ‘റബ്ബി റോബോട്ട് ‘ എന്ന് വിളിക്കുന്ന ഒരു AI ചാറ്റ്ബോട്ടിനെ നിര്‍മ്മിക്കുകയും ഫിക്‌സ്‌ലറിന്റെ പഴയ പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍ AI പതിപ്പില്‍ നല്‍കുകയും ചെയ്തു. റബ്ബി റോബോട്ടിനോട് ഫിക്‌സ്‌ലര്‍ ഉറക്കെ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അത് ഉടനടി ഉത്തരം നല്‍കുകയും ചെയ്തിരുന്നു.

നൂറ്റാണ്ടുകളായി പുതിയ സാങ്കേതികവിദ്യകള്‍ ആരാധനാരീതികളെ മാറ്റിയിരുന്നു. മതപരമായ ഇടങ്ങളില്‍ AI യുടെ ചില വക്താക്കള്‍ അതിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ്. മതനേതാക്കള്‍ തങ്ങളുടെ പ്രഭാഷണങ്ങള്‍ തത്സമയം വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് അവ എത്തിക്കാനും AI ഉപയോഗിക്കുന്നു.

ഗവേഷണം അല്ലെങ്കില്‍ വിപണനം പോലുള്ള ജോലികള്‍ക്കായി AI ഉപയോഗിക്കുന്നത് സ്വീകാര്യമാണെന്ന് മിക്കവരും സമ്മതിക്കുന്നുണ്ടെങ്കിലും, പ്രസംഗവും എഴുത്തും പോലെയുള്ള സാങ്കേതികവിദ്യയുടെ മറ്റ് ഉപയോഗങ്ങള്‍ ചിലര്‍ കുറച്ചുകൂടി ദൂരെയുള്ള ഒരു പടിയായിട്ടാണ് ഇപ്പോഴും കാണുന്നത്. ഇന്നത്തെ സങ്കീര്‍ണവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ കാലത്ത് ആത്മീയ സന്ദേശങ്ങള്‍ രൂപപ്പെടുത്താനും വിതരണം ചെയ്യാനും AI സഹായിക്കുന്നു. മതനേതാക്കള്‍ മാത്രമല്ല മത അധ്യാപകരും അവരുടെ വിവിധ തരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആശയവിനിമയ വിടവുകള്‍ നികത്തുന്നതിനും AI സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.