Entertainment

വിവാഹമോചന പോസ്റ്റിനൊപ്പം ഹാഷ്ടാഗ്; എആർ റഹ്മാനെതിരെ സോഷ്യൽ മീഡിയ

വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആർ റഹ്മാൻ എക്സിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമർശനം. കുറിപ്പിനൊടുവിൽ റഹ്മാൻ ചേർത്ത ഹാഷ്ടാഗിനെതിരെയാണ് വിമർശകർ രംഗത്തെത്തിയത്. #arrsairaabreakup എന്നാണ് റഹ്‌മാൻ പങ്കുവെച്ച ടാഗ്. സ്വന്തം വിവാഹ മോചന വിവരം അറിയിക്കാൻ ആരെങ്കിലും ഹാഷ്ടാഗ് സ്വന്തമായി ഉണ്ടാക്കുമോയെന്നാണ് വിമർശകർ റഹ്‌മാന്റെ കമന്റ് ബോക്സിൽ ചോദിക്കുന്നത്.

വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാൻ ആവശ്യപ്പെടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നു. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെൻഡുണ്ടാക്കുന്നുവെന്ന് ഒരാൾ ചൂണ്ടിക്കാട്ടി. ‘ഐറണി (വിരോധാഭാസം) ആയിരം തവണ ചത്തുട- എന്നും ഇയാൾ പരിഹസിച്ചു.

ഇത്തരം സാഹചര്യത്തിൽ ആരാണ് ഹാഷ്ടാഗ് ഉണ്ടാക്കുകയെന്ന് ചോദിച്ച മറ്റൊരാൾ, സോഷ്യൽ മീഡിയ അഡ്മിൻ ടീമിനെ ഇപ്പോൾ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, റഹ്‌മാന്റേത് പൊറുക്കപ്പെടാവുന്ന തെറ്റാണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ അത്ര വിദഗ്ധനല്ലെന്നും മറ്റുചിലർ കമന്റ് ചെയ്യുന്നു.

സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെക്കുറിച്ച് ഇരുവരുടേയും സംയുക്തപ്രസ്താവന പങ്കുവെച്ചത്. പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാൻ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയുംബന്ധത്തിൽ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അഭിഭാഷക വന്ദനാഷാ പ്രസ്താവനയിൽ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തിൽ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

പിന്നീട് വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആർ റഹ്മാനും രംഗത്തെത്തി. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്.