പാലക്കാട്: പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ. മാറേണ്ട സാഹചര്യങ്ങളൊന്നും ആയിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റിയിട്ടില്ല. താൻ എവിടെയും പോയിട്ടില്ലെന്നും ബിജെപിയിൽ തന്നെയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുമായി കഴിഞ്ഞ ദിവസമുണ്ടായത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ഗുരുതുല്യനായ വ്യക്തിയാണ് ജയകുമാറെന്നും അദ്ദേഹം സ്നേഹം കൊണ്ട് വന്നതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്നും തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മാത്രം വലിയ നേതാവാണെന്ന് തോന്നിയിട്ടില്ല. പാര്‍ട്ടി വിടുന്ന കാര്യം സ്വപ്‌നത്തില്‍ പോലുമില്ല. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കുന്നത് പി എസ് ശ്രീധരന്‍പിള്ള അധ്യക്ഷനായിരുന്നപ്പോഴാണ്. കേരളത്തിലെ നശിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് ഉപദേശിച്ചു. ഈ നിമിഷം വരെ അനുസരിച്ചു. ഗോഡ് ഫാദര്‍ ഇല്ലാത്തത്തിന്റെയും പക്ഷമില്ലാത്തതിന്റെയും പ്രശ്‌നങ്ങളാണെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.
Add Comment