ചേലക്കര: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എത്തി. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തന്റെ പേരിലുയര്‍ന്ന വിവാദങ്ങളിലും ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താനെന്ന് ശോഭ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.
‘എന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണ്. പേരിന് പ്രസക്തിയില്ല എന്ന് ആദ്യ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് ആദ്യ യോഗത്തില്‍ പാലക്കാട് പ്രസംഗിച്ചു. എന്നെ സ്‌നേഹിച്ചു സ്‌നേഹിച്ച് അപമാനിക്കരുത്’, ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ സ്‌നേഹിക്കേണ്ടതില്ലെന്ന് ശോഭയെ പ്രചരണത്തിന് കാണുന്നില്ലെന്ന പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനും മറുപടി നല്‍കി. തനിക്ക് യാതൊരു പരിഭവങ്ങള്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പിലൂടെ വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കുമെന്നും ഭാവാത്മക മതേതരത്വത്തിന്റെ കട തുറക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം പാലക്കാട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന നഗരസഭാ കൗണ്‍സിലര്‍മാരും കണ്‍വെന്‍ഷന്‍ വേദിയിലെത്തിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ശോഭാ സുരേന്ദ്രനായി പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ അടക്കം ഫ്ലക്സുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സി കൃഷ്ണകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി മത്സരത്തിനിറക്കുകയായിരുന്നു. പിന്നീട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്റെ അഭാവം ചര്‍ച്ചയായിരുന്നു.
Add Comment