Sports

ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്സസ് ടൂർണമെന്റ്; ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്സസ് ടൂർണമെന്റിൽ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് ഗ്രൂപ്പ് സിയിൽ യുഎഇയോടും ശ്രീലങ്കയോടും ഇന്ത്യ തോറ്റതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തില്‍ പാകിസ്താനോടും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. യുഎഇക്കെതിരെ ഒരു റണ്ണിനായിരുന്നു തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ യുഎഇ നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്.

അവസാന ഓവറില്‍ 27 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി 24 റണ്‍സ് നേടി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചില്ല. രണ്ടാം റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയും ചെയ്തു. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43) മികച്ച പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിനെതിരെ 15 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ ഇംഗ്ലണ്ട് 121 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രവി ബൊപാര (53), സമിത് പട്ടേല്‍ (51) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഉത്തപ്പ ഓരോവറില്‍ 37 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനാണ് സാധിച്ചത്. 48 റണ്‍സെടുത്ത കേദാറാണ് ടോപ് സ്‌കോറര്‍.

പാകിസ്താനെതിരെ നടന്ന ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി. 31 റൺസെടുത്ത റോബിൻ ഉത്തപ്പയും 53 റൺസെടുത്ത ഭാരത് ചിപ്ലിയുമായിരുന്നു ടോപ് സ്‌കോറർ. എന്നാൽ ഓരോവർ ബാക്കി നിൽക്കെ പാകിസ്താൻ ലക്ഷ്യം മറികടന്നു. 40 റൺസെടുത്ത മുഹമ്മദ് അഖ്‌ലാഖും 55 റൺസെടുത്ത ആസിഫ് അലിയുമായിരുന്നു പാക് നിരയിൽ ടോപ് സ്കോറർമാർ. ഇനി ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്.