Food

‘ഐസ്ക്രീം ബിരിയാണി’ വിചിത്ര പാചക പരീക്ഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഐസ് ക്രീമും ബിരിയാണിയും… രണ്ടും ആളുകളുടെ ഇഷ്ടവിഭവങ്ങളാണ്. ഒന്ന് ആഗോളതലത്തിൽ പ്രിയങ്കരമായ ഒരു ഡെസേർട്ടാണെങ്കില്‍ അടുത്തത് അതിൻ്റെ സമ്പന്നമായ സുഗന്ധവ്യഞ്ജന ചേരുവകളും രുചികളും കൊണ്ട് ആളുകളുടെ മനസ്സിൽ ഇടം പിടിച്ചതാണ്. എന്നാൽ ഇവ രണ്ടും ഒരുമിച്ചാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഐസ് ക്രീം പ്രേമികളെയും ബിരിയാണി പ്രേമികളെയും ഒന്നടങ്കം വെറുപ്പിച്ച ഒരു വിചിത്രമായ പാചക പരീക്ഷണമായ ‘ഐസ്ക്രീം ബിരിയാണി’യാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും.

മുംബൈ ആസ്ഥാനമാക്കി ഹീന കൗസർ റാദിൽ നടത്തുന്ന ബേക്കിംഗ് അക്കാദമിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വീഡിയോ പുറത്തുവന്നത്. തൻ്റെ അക്കാദമിയിൽ ഏഴു ദിവസത്തെ ബേക്കിംഗ് കോഴ്‌സ് പൂർത്തിയാക്കിയതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായാണ് ഹീന ഫ്യൂഷൻ വൈറെറ്റി ഡിഷായ ‘ഐസ്ക്രീം ബിരിയാണി’ തയ്യാറാക്കിയത്.

സ്ട്രോബെറി ഐസ്ക്രീം സ്‌കൂപ്പുകളുള്ള രണ്ട് വലിയ ബിരിയാണി പാത്രങ്ങളുടെ അരികിൽ ഹീന നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. തുടർന്ന് പാത്രത്തിലുള്ള ഐസ്ക്രീം ബിരിയാണി കാണിച്ചു തരുന്നു. കാഴ്ച്ചക്കാരോട് ഒന്ന് രുചിച്ച് നോക്കാനും ഹീന പറയുന്നുണ്ട്. സ്വർണ നിറമുള്ള മസാലകളുടെ നിറത്തിനിടയിൽ ഐസ്ക്രീമിൻ്റെ പിങ്ക് നിറം എടുത്ത് നിൽക്കുന്നുമുണ്ട്.

എന്നാൽ ഈ പരീക്ഷണം ഭക്ഷണപ്രേമികളെ ഒന്നടങ്കം അമ്പരിപ്പിച്ചു. പല തരത്തിലുള്ള പ്രതികരണങ്ങളുമായാണ് ആളുകൾ നടത്തിയത്. പലർ‌ക്കും ഈ കോമ്പിനേഷൻ ഇഷ്ടപ്പെട്ടി‌ല്ല. എന്തായാലും ഇൻ്റർനെറ്റിലെ വിചിത്രമായ ഭക്ഷണങ്ങളുടെ പട്ടികയിൽ ​ഹീനയുടെ ‘ഐസ്ക്രീം ബിരിയാണി’ ഇടം പിടിച്ചിട്ടുണ്ട്.