‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ പോസിറ്റീവ് പ്രതികരണമാണ് എത്തുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് പൊതുവിലെ അഭിപ്രായം. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഏറെ മികച്ചതാണെന്നും അഭിപ്രായമുണ്ട്.
കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം, വേറിട്ട രീതിയുള്ള കഥപറച്ചിൽ രീതി, തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചു നിർത്തുന്ന സിനിമയാണ് ഐഡന്റിറ്റി എന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.
ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ചിത്രത്തിന്റേതായി പുറത്തുവിട്ട ട്രെയിലർ നൽകിയിരുന്നത്.
വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.
Add Comment