Entertainment

IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാമതായി ‘ഐഡന്റിറ്റി’

‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഐഡന്റിറ്റി.

രാംചരണിനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്. ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയർച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റിൽ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകൾ.

ജനുവരി രണ്ടിന് ഐഡന്റിറ്റി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രം മലയാളത്തിൽ കൂടാതെ തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടു. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.