തൃശൂർ: കുന്നംകുളത്ത് സഹോദരി ഭർത്താവ് വീട്ടമ്മയെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് പൊലീസ്. അർത്താറ്റ് സ്വദേശി സിന്ധുവിനെ കൊലപ്പെടുത്തി സ്വർണ്ണ കവർച്ച നടത്താനാണ് പ്രതി കണ്ണൻ ലക്ഷ്യമിട്ടത്. ഏഴ് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത മറികടക്കുന്നതിനാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ അർത്താറ്റിലെ സിന്ധുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് സഹോദരി ഭർത്താവ് കണ്ണൻ കൊലപാതകം നടത്തിയത്. കൃത്യമായയ ആസൂത്രണത്തോടെയാണ് കൃത്യം നിർവഹിച്ചതെങ്കിലും പ്രതിയുടെ രക്ഷപ്പെടാനുള്ള നീക്കം പാളി. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ അൽവാസികൾ കണ്ടിരുന്നു. കണ്ണന്റെ അടയാളങ്ങൾ സഹിതം ഇവർ പൊലീസിനെ അറിയിച്ചതോടെയാണ് ഒരു മണിക്കൂറിനകം പ്രതി വലയിലാകുന്നത്.
രാത്രി തന്നെ കസ്റ്റഡിയിലെടുത്ത കണ്ണനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് ഉറപ്പിച്ചത്. കയ്യിൽ കരുതിയ കത്തിയുമായി വീടിനുള്ളിൽ കയറിയ പ്രതി മിനിറ്റുകൾ കൊണ്ട് കൊല നടത്തി സിന്ധുവിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ വെൽഡിംഗ് തൊഴിലാളിയായി ജോലി നോക്കിയിരുന്ന പ്രതിക്ക് ഏഴ് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യയുണ്ട്. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് പ്രതി കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കിയ സിന്ധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി തെളിവെടുപ്പിന് എത്തിക്കുമെന്നും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും കുന്ദംകുളം സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
Add Comment