Money

ന്യൂ ഇയറിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി

ന്യൂ ഇയറിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. അഞ്ചുപൈസയുടെ നഷ്ടത്തോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഈ രീതിയില്‍ പോയാല്‍ അടുത്തുതന്നെ 86 കടന്നും രൂപയുടെ ഇടിവ് തുടരാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്. അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതാണ് രൂപയെ പ്രധാനമായും സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 74.64 ഡോളര്‍ എന്ന നിലയിലാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില.

പുതുവര്‍ഷത്തില്‍ ഓഹരി വിപണി നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് ഏകദേശം 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.