India

ഉത്തര്‍പ്രദേശില്‍ മരണപ്പെട്ട നവജാത ശിശുവിന്റെ തല കടിച്ചെടുത്ത് തെരുവ് നായ്ക്കൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മരണപ്പെട്ട നവജാത ശിശുവിന്റെ തല കടിച്ചെടുത്ത് തെരുവ് നായ്ക്കൾ. ലളിത്പൂരിലെ മെഡിക്കല്‍ കോളേജിലാണ് സംഭവം. തെരുവ് നായ്ക്കൾ കുഞ്ഞിന്റെ തല കടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം കുടുംബം ആശുപത്രിയില്‍ ഉപേക്ഷിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ വാദം.

തെരുവുനായ്ക്കൾ വരുന്നതും നവജാത ശിശുവിന്റെ തല കടിച്ചെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും നായ്ക്കൾ തല ഭക്ഷിച്ചിരുന്നു. ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുട്ടി ജനിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനാക്ഷി സിങ് പറയുന്നു. അന്നേ ദിവസം വൈകിട്ടോടെ കുട്ടി മരണപ്പെട്ടു. കുട്ടിയുടെ തല പൂര്‍ണ വളര്‍ച്ചയില്‍ എത്തിയിരുന്നില്ല. കുട്ടിക്ക് നട്ടെല്ലും ഉണ്ടായിരുന്നില്ല. ജന്മനാ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടിയെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നരക്കിലോ മാത്രമായിരുന്നു ജനനസമയത്ത് കുട്ടിയുടെ തൂക്കം. എസ്എന്‍സിയുവിലേക്ക് മാറ്റുന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടിയുടെ ബന്ധു മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് തെരുവുനായ ആക്രമണത്തെ കുറിച്ചുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് ബാഗിലാക്കി അധികൃതര്‍ കളഞ്ഞിട്ടുണ്ടാകാമെന്നാണ് നിഗമനം. കുട്ടിയുടെ ശരീരത്തില്‍ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നുവെന്നും ഇതോടെയാണ് തിരിച്ചറിയാനായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കുടുംബം ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ വിഷയത്തെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.