Local

വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് കാലിലിൽ കയറി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് കാലിലിൽ കയറി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി പുതുവീട്ടിൽ നബീസ (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്നാം കല്ലിൽ വച്ചായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

കഴിഞ്ഞ ദിവസം കുന്ദംകുളത്തേക്ക് യാത്ര ചെയ്യാനിറങ്ങിയ നസീബ ബസ് മാറി കയറുകയും പിന്നീട് ഇത് മനസിലാക്കി തിരിച്ചിറങ്ങുകയും ചെയ്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബസിൽ നിന്നും വേഗത്തിൽ ഇറങ്ങുന്നതിനിടെ റോഡിൽ വീണ നസീബയുടെ ഇടത് കാലിലൂടെ ബസ് കയറി ഇറങ്ങുക ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ നസീബയെ തശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയോധികയുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. നാട്ടുകാർ ചേർന്ന് തടഞ്ഞ് നിർത്തിയ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് വടക്കാഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.