അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൈയില്‍ പച്ച ആംബാന്‍ഡ് ധരിചാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ കളിക്കാനിറങ്ങിയത്. ടോസിനായി ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറുടെയും കൈകളില്‍ പച്ച ആംബാന്‍ഡ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഗ്രൗണ്ടിലിറങ്ങിയ താരങ്ങളും പച്ച ആം ബാന്‍ഡ് ധരിച്ചാണ് ഇറങ്ങിയത്.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിസിഐ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇരു ടീമിലെയും താരങ്ങള്‍ കൈകളില്‍ പച്ച ആംബാന്‍ഡ് ധരിച്ച് മൂന്നാം ഏകദിനത്തിനായി ഗ്രൗണ്ടിലിറങ്ങിയത്. ബിസിസിഐ എക്‌സിലൂടെയാണ് ഇതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തിറങ്ങിയത്.
അതേ സമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി എന്നിവർ അർധ സെഞ്ച്വറിയും നേടി.
ഒരു റൺസ് മാത്രം നേടി രോഹിത് ശർമ മാത്രമാണ് നിരാശപ്പെടുത്തിയത്. വിരാട് കോഹ്‌ലി 52 റൺസും ഗിൽ 112 റൺസും ശ്രേയസ് അയ്യർ 78 റൺസും നേടി പുറത്തായി. നിലവിൽ കെ എൽ രാഹുലും ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ. നിലവിൽ 40 ഓവർ പിന്നിടുമ്പോൾ 270 ന് നാല് എന്ന നിലയിലാണ് ഇന്ത്യ.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഷമിക്കും ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെ പരിക്കുമൂലമാണ് ഒഴിവാക്കിയതെന്ന് ടോസിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.
Add Comment