Sports

നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം; 2001 ന് ശേഷം ഇതാദ്യമായി

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. 2001ന് ശേഷം ഇതാദ്യമായി സ്വന്തം മണ്ണിലെ ഒരു പരമ്പരയിലെ തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 100ലധികം ഒന്നാം ഇന്നിം​ഗ്സ് ലീഡ് വഴങ്ങി. 2001ൽ മുംബൈയിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്ത് 176 റൺസിൽ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 349 റൺസാണ് ഒന്നാം ഇന്നിം​ഗ്സിൽ നേടിയത്. 173 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയൻ സംഘം ഒന്നാം ഇന്നിം​ഗ്സിൽ നേടിയത്. പിന്നാലെ രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ 219 റൺസിൽ ഓൾ ഔട്ടായി. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തുകയും ചെയ്തു.

2001ൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കൊൽക്കത്ത വേദിയായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ഇന്നിം​ഗ്സിൽ 445 എന്ന സ്കോർ ഉയർത്തി. ഇതിന് ഇന്ത്യയുടെ മറുപടി 171 റൺസ് മാത്രമായിരുന്നു. 274 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ പക്ഷേ ശക്തമായി തിരിച്ചുവന്നു. ഫോളോ ഓൺ വഴങ്ങിയിട്ടും രണ്ടാം ഇന്നിം​ഗ്സിൽ ഏഴിന് 657 എന്ന സ്കോർ ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പിന്നാലെ 212 റൺസിൽ ഓസ്ട്രേലിയയെ പുറത്താക്കി ഇന്ത്യ 171 റൺസിന്റെ ചരിത്ര വിജയവും നേടി. ടെസ്റ്റ് ക്രിക്കറ്റിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മത്സരങ്ങളിലൊന്നായി കൊൽക്കത്ത ടെസ്റ്റ് മാറുകയും ചെയ്തു.

23 വർഷത്തിന് ശേഷം ഇന്ത്യ തുടർച്ചായി രണ്ട് മത്സരങ്ങളിൽ 100 റൺസിൽ അധികം ഒന്നാം ഇന്നിം​ഗ്സ് ലീഡ് വഴങ്ങിയിരിക്കുകയാണ്. ബെംഗളൂരുവിൽ നടന്ന ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിൽ 46 റൺസ് മാത്രമായിരുന്നു നേടാനായത്. ഇതിന് മറുപടിയായി കിവീസ് 402 റൺസെടുത്തു. 356 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് മറികടന്ന ഇന്ത്യ 462 റൺസെന്ന സ്കോറിലെത്തി. എന്നാൽ 107 റൺസ് വിജയലക്ഷ്യം ന്യൂസിലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.വീണ്ടുമൊരിക്കൽ കൂടി ഇന്ത്യൻ സംഘം 100ലധികം റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് വഴങ്ങിയിരിക്കുകയാണ്. പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 259ന് മറുപടി പറഞ്ഞ ഇന്ത്യൻ സ്കോർ 156 റൺസിൽ അവസാനിച്ചു. 103 റൺസിന്റെ ലീഡ് നേടിയ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ 255 റൺസുമെടുത്ത് പുറത്തായി. അന്ന് കൊൽക്കത്തയിലേത് പോലെ ചരിത്രം തിരുത്തുവാൻ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ്.

Tags