Sports

ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് ദേഷ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി

ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയോട് ദേഷ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. ഡിസംബർ 26ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിനായുള്ള യാത്രയ്ക്കിടയിലാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ നിൽക്കെ തന്റെ കുട്ടികളുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കവെയാണ് കോഹ്‍ലി മാധ്യമപ്രവർത്തകയോട് ദേഷ്യപ്പെട്ടത്.

ടെലിവിഷൻ ചാനലിന്റെ ക്യാമറകൾ വിരാട് കോഹ്‍ലിയുടെ കുടുംബത്തിന് നേരെ കേന്ദ്രീകരിക്കപ്പെട്ടു. ഇതാണ് 36കാരനായ താരം ദേഷ്യപ്പെടാൻ ഇടയാക്കിയത്. തന്റെ കുട്ടികളുടെ ദൃശ്യങ്ങളാണ് എടുക്കാൻ ശ്രമിച്ചതെന്നാണ് വിരാട് കോഹ്‍ലി കരുതിയത്. കുട്ടികൾക്കൊപ്പം തനിക്ക് ഒരൽപ്പം പ്രൈവസി ആവശ്യമാണ്. തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കാൻ പാടില്ലെന്നും വിരാട് കോഹ്‍ലി ടെലിവിഷൻ റിപ്പോർട്ടറോട് പറഞ്ഞതായി 7ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതിനിടെ ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ വിരാട് കോഹ്‍ലിയുടെ പ്രകടനം വിമർശനങ്ങൾക്ക് ഇടയാക്കികൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബെയ്നിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റ് വെച്ച് താരം പുറത്തായി. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ സെ‍ഞ്ച്വറി നേടിയിരുന്നെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കോഹ്‍ലി തിളങ്ങിയില്ല.