India

പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് പാകിസ്ഥാനിൽ

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിൽ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ എത്തുന്നത്. ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര.

ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവർത്തിക്കാനാണ് തീരുമാനം. ഇസ്‌ലാമാബാദ് യോഗത്തിൽ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. അംഗ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഏതൊക്കെ രാജ്യങ്ങളുടെ പ്രതിനിധികളുമായി എസ് ജയശങ്കർ ഉഭയകക്ഷി ചർച്ച നടത്തുമെന്ന വിവരവും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടില്ല. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി യോഗത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും വ്യക്തമാക്കി. ആതിഥേയത്വത്തിന്റെ പേരിൽ എല്ലാവിധ പ്രോട്ടോക്കോളും പാലിച്ച് പാകിസ്താൻ സർക്കാർ ജയശങ്കറെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 15, 16 തീയതികളിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ, കസാഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, ഉസ്ബെക്കിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാനിയൻ വൈസ് പ്രസിഡന്റ് മുഹമ്മദ്രെസ അറഫും ബെലാറസ്, കസാഖ്‌സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, ഉസ്‌ബെക്കിസ്താൻ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ഇന്ന് പാകിസ്ഥാനിലെത്തും.