India

വജ്ജ്രത്തിൽ തീർത്ത ഇന്ത്യൻ ഭൂപടം; പ്രധാനമന്ത്രിക്ക് ‘നവഭാരത് രത്‌ന’ സമ്മാനിച്ച് ഗോവിന്ദ് ധോലാകിയ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിവിശിഷ്ടമായ ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയും പ്രമുഖ വജ്ര വ്യാപാരിയുമായ ഗോവിന്ദ് ധോലാകിയ. ഇന്ത്യയുടെ ഭൂപടത്തിൻ്റെ ആകൃതിയിൽ കൊത്തിയ വജ്രമാണ് അദ്ദേഹം നരേന്ദ്രമോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ‘നവഭാരത് രത്‌ന’ എന്നാണ് അദ്ദേഹം ഈ വിശിഷ്ടരത്നത്തിന് പേര് നൽകിയിരിക്കുന്നത്.

പ്രകൃതിദത്ത വജ്ര ഉൽപ്പാദന, കയറ്റുമതി കമ്പനിയായ ശ്രീരാമകൃഷ്ണ എക്‌സ്‌പോർട്ട്‌സിൻ്റെ (എസ്ആർകെ) സ്ഥാപക ചെയർമാനാണ് ഗോവിന്ദ് ധോലാകിയ. പുതിയ ഇന്ത്യയുടെ രത്‌നം എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ വിശിഷ്ടവചനത്തിന് നവഭാരത് രത്ന എന്ന പേര് നൽകിയത്. ഈ അതിമനോഹരമായ വജ്രം രാജ്യത്തിൻ്റെ ഐക്യത്തെയും സൗന്ദര്യത്തെയും തിളക്കത്തെയും പ്രതീകപ്പെടുത്തുന്നുവെന്ന് ഗോവിന്ദ് ധോലാകിയ വ്യക്തമാക്കി.

വജ്ര വ്യവസായത്തിന് പേരുകേട്ട നഗരമായ സൂറത്തിലാണ് ഈ അസാധാരണ വജ്രം നിർമ്മിച്ചത്. 2.120 കാരറ്റ് ഭാരമുള്ളതാണ് ഈ വിശിഷ്ട രൂപം. വജ്രത്തിൽ വിവിധ രൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ 14 വർഷത്തെ അനുഭവപരിചയമുള്ള രാജേഷ് കച്ചാടിയ എന്ന കരകൗശല വിദഗ്ധൻ 40 മണിക്കൂർ എടുത്താണ് ഇന്ത്യയുടെ രൂപത്തിലുള്ള വജ്രം നിർമ്മിച്ചിരിക്കുന്നത്.