ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ. ഇന്ത്യൻ വംശജനായ സുചിർ ബാലാജിയെ സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
26 കാരനായ സുചിർ നേരത്തെ ഓപ്പൺഎഐയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഗവേഷകനായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിച്ചിരുന്ന സുചിർ ബാലാജിയെ നവംബർ 26 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ സുചിറിന്റെ അപ്പാർട്മെന്റിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് സുചിറിനെ അന്വേഷിച്ച് പൊലീസ് ബുക്കാനൻ സ്ട്രീറ്റ് അപ്പാർട്ട്മെൻ്റിൽ എത്തിയത്. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാല് വർഷത്തെ സേവനത്തിന് ശേഷം ഓഗസ്റ്റിൽ ഓപ്പൺഎഐ വിട്ട ബാലാജി, ChatGPT പോലുള്ള ജനറേറ്റീവ് AI മോഡലുകളെ പരിശീലിപ്പിക്കുന്നതിന് പകർപ്പവകാശമുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ധാർമ്മിക ആശങ്കകൾ ഉയർത്തുന്ന ഒരു ശബ്ദമായിരുന്നു. ഇതിനെ കുറിച്ച് ബാലാജി എക്‌സിൽ ബ്ലോഗ് പോസ്റ്റും എഴുതിയിരുന്നു.
ന്യൂയോർക്ക് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഡാറ്റ ശേഖരണത്തോടുള്ള ഓപ്പൺഎഐയുടെ സമീപനം ദോഷകരമാണെന്ന് ബാലാജി വിശേഷിപ്പിച്ചു. “ഞാൻ വിശ്വസിക്കുന്നത് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ കമ്പനി വിടണം,” അദ്ദേഹം പറഞ്ഞു, വൻതോതിലുള്ള ഇൻറർനെറ്റ് ഡാറ്റയിൽ GPT-4 ൻ്റെ പരിശീലനത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Add Comment