Sports

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാതാരലേലം; കെ എൽ രാഹുലിനെ ലഖ്നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാതാരലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ ലഖ്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ടീം ക്യാപ്റ്റൻ കെ എൽ രാഹുലിനെ ലഖ്നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും. രാഹുൽ വലിയ ഇന്നിം​ഗ്സുകൾ കളിക്കുമ്പോൾ ടീം പരാജയപ്പെടുന്നുവെന്നാണ് ലഖ്നൗ മാനേജ്മെന്റിന്റെ നിരീക്ഷണം. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് രാഹുലിന് തിരിച്ചടിയാകുന്നത്.

വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെയാണ് ആദ്യ താരമായി ലഖ്നൗ ടീമിൽ നിലനിർത്തുക. അടുത്ത സീസണിൽ ലഖ്നൗ നായകസ്ഥാനത്തേയ്ക്കും പുരാനെ പരി​ഗണിക്കുന്നുണ്ട്. യുവപേസർ മായങ്ക് യാദവിനെയും സ്പിന്നർ രവി ബിഷ്ണോയെയും നിലനിർത്താനും ലഖ്നൗ ആലോചിക്കുന്നുണ്ട്. ഇരുവരും ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ഭാ​ഗമായി മികച്ച പ്രകടനമാണ് തുടരുന്നത്.

അൺക്യാപ്ഡ് താരമായി ആയുഷ് ബദോനിയെയും മോഹ്സിൻ ഖാനെയും നിലനിർത്താനാണ് ലഖ്നൗ ആലോചിക്കുന്നത്. മെ​ഗാലേലത്തിന് മുമ്പായി ഓരോ ടീമും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളുടെ അവസാന പട്ടിക തയ്യാറാക്കുകയാണ്.