Travel

താമസിച്ചുവരുന്ന സ്വകാര്യ ട്രെയിനുകള്‍ക്ക് റീഫണ്ട് നല്‍കുന്ന സൗകര്യം ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കി

താമസിച്ചുവരുന്ന സ്വകാര്യ ട്രെയിനുകള്‍ക്ക് റീഫണ്ട് നല്‍കുന്ന സൗകര്യം ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ റീഫണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. 2024 ഫെബ്രുവരി 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നെന്നാണ് ഐആര്‍സിടിസിയില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ പോലും ഇതറിഞ്ഞിട്ടില്ലെന്നതെണ് വാസ്തവം.

2019 ഒക്ടോബര്‍ 4 നും- 2024 ഫെബ്രുവരി 16 നും ഇടയില്‍ ഐആര്‍സിടിസി യാത്രക്കാര്‍ക്ക് 26 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വകാര്യ ട്രെയിനുകളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ഐആര്‍സിടിസി ഈ നഷ്ടപരിഹാര പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ കന്വനിക്ക് ഇത് ബാധ്യതയായതോടെയാണ് റീഫണ്ട് ക്ലെയിം ഒഴിവാക്കിയത്. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ ഐആര്‍സിടിസി എന്ന ഉപസ്ഥാപനം ഇന്ത്യന്‍ റെയില്‍വേയ്ക്കായി കാറ്ററിംഗ്, ടൂറിസം, ടിക്കറ്റ് ബുക്കിംഗ്, സ്വകാര്യ ട്രെയിനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്.

2019- 20ല്‍ 1.78 ലക്ഷം രൂപ, 2020- 21ല്‍ 0 രൂപ, 2021- 22ല്‍ 96,000 രൂപ, 2022- 23ല്‍ 7.74 ലക്ഷം രൂപ, 2023- 24ല്‍ 15.65 ലക്ഷം രൂപ എന്നിങ്ങനെയാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതെന്നു രേഖ വ്യക്തമാക്കുന്നു. 60- 120 മിനിറ്റ് വൈകിയാല്‍ ഒരു യാത്രക്കാരന് 100 രൂപയും, 120- 240 മിനിറ്റ് വൈകിയാല്‍ ഒരു യാത്രക്കാരന് 250 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്. ട്രെയിന്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ മുഴുവന്‍ ടിക്കറ്റ് നിരക്കും യാത്രക്കാര്‍ക്ക് തിരികെ നല്‍കിയിരുന്നു. കാലതാമസമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, വെള്ളം സൗകര്യവും തുടങ്ങിയവയും നല്‍കിയിരുന്നു. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ ഐആര്‍സിടിസി എന്ന ഉപസ്ഥാപനം ഇന്ത്യന്‍ റെയില്‍വേയ്ക്കായി കാറ്ററിംഗ്, ടൂറിസം, ടിക്കറ്റ് ബുക്കിംഗ്, സ്വകാര്യ ട്രെയിനുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്.