ഇന്ത്യക്കാര്‍ക്ക് രാജ്യത്തിനകത്ത് എവിടെ സഞ്ചരിക്കണമെങ്കിലും പാസ്‌പോര്‍ട്ടിന്റെയോ വിസയുടെയോ ആവശ്യമില്ലെന്ന് നമുക്ക് അറിയാം. എന്നാല്‍ രാജ്യത്തിനകത്ത് ഒരു റെയില്‍വേ സ്‌റ്റേഷനില്‍ പോകണമെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും വേണമെന്ന് എത്രപേര്‍ക്ക് അറിയാം. പാസ്‌പോര്‍ട്ടും സാധുവായ വിസയും ഉണ്ടെങ്കില്‍ മാത്രമേ ഈ റെയില്‍വേസ്‌റ്റേഷനിലേക്ക് പ്രവേശിക്കാന്‍ പോലും സാധിക്കൂ. പഞ്ചാബിലെ അമൃത്‌സറില്‍ ഇന്ത്യ-പാക്കിസ്താന്‍ അതിര്‍ത്തിയിലുള്ള അട്ടാരി റെയില്‍വേ സ്റ്റേഷനിലാണ് ഈ കര്‍ശന നിയമങ്ങളുള്ളത്.
പാക്കിസ്താന്‍ അതിര്‍ത്തിക്ക് മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ റെയില്‍വേ സ്റ്റേഷനാണ് അട്ടാരി റെയില്‍വേ സ്റ്റേഷന്‍. അട്ടാരി ഷാം സിങ് റെയില്‍വേ സ്റ്റേഷന്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങണമെങ്കിലോ ഈ സ്‌റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിലോ സാധുവായ പാക്കിസ്താന്‍ വിസ ഉണ്ടായിരിക്കണം. വിസയില്ലാതെ ഈ സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും. മുഴുവന്‍ സമയം കര്‍ശന സുരക്ഷയിലാണ് അട്ടാരി റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യ-പാക്കിസ്താന്‍ ബന്ധത്തില്‍ അട്ടാരി റെയില്‍വേ സ്റ്റേഷന്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഡല്‍ഹിയെ ലാഹോറുമായി ബന്ധിപ്പിച്ചിരുന്ന ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സംഝോത എക്‌സ്പ്രസിന്റെ ഡിപ്പാര്‍ച്ചര്‍ പോയന്റായി പ്രവര്‍ത്തിച്ചിരുന്നത് ഈ റെയില്‍വേ സ്റ്റേഷനായിരുന്നു. 2019 മുതല്‍ ഈ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Add Comment