Politics

പാലക്കാട് ബിജെപിയിലെ കൂടുതൽ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നതായി സൂചന

പാലക്കാട്: ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയില്‍ പാലക്കാട് ബിജെപിയിലെ കൂടുതൽ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നതായി സൂചന. വിമതയോഗത്തിൽ പങ്കെടുത്ത ഏഴ് മുതിർന്ന കൗൺസിലർമാർക്കൊപ്പം നാല് പേർ കൂടി രാജിവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന.

ചെയർപേഴ്സനും, വൈസ് ചെയർപേഴ്സനും ഉൾപ്പെടെ 11 കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തെ സമീപിക്കും. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, സംസ്ഥാന ട്രഷറർ അഡ്വ ഇ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരാണ് രാജിക്കൊരുങ്ങുന്നത്. പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാൽ, ഉടൻ സംസ്ഥാന നേതൃത്വത്തിന് ഇവർ രാജിക്കത്ത് കൈമാറും എന്നാണ് വിവരം. ഇവരെ തങ്ങളിലേക്ക് അടുപ്പിക്കാൻ സജീവ നീക്കവുമായി കോൺഗ്രസും രംഗത്തുണ്ട്.

കൂടുതൽ കൗൺസിലർമാർ കൂടി രാജി സൂചന നൽകിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി നേതൃത്വം. കൂട്ടരാജിയോടെ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ ഉള്ളത്. ഇത്തരത്തിൽ രാജി ഭീഷണിയുമായി കൗൺസിലർമാർ മുന്നോട്ടുപോകുമ്പോൾ വിഷയത്തിൽ ഒരു സമവായവും വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് രാജിക്കൊരുങ്ങുന്ന ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഇവരുമായി കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നുവെന്നും സൂചനകളുണ്ടായിരുന്നു.