വടകര: സിസിടിവിയില്‍ കുടുങ്ങിയ മോഷ്ടാവിന്‍റെ മുഖവുമായി സാദൃശ്യമുണ്ടെന്നതിന്‍റെ പേരില്‍ ദുരിതത്തില്‍ ആയിരിക്കുകയാണ് ഒരു യുവാവ്.
കോഴിക്കോട് വളയം സ്വദേശി ആദർശാണ് ആകെ പെട്ടുപോയത്. കഴിഞ്ഞ ദിവസം മാഹിയിലെ ഒരു ബാറിന്‍റെ പാർക്കിങ് ഏരിയയില്‍ വച്ച് ഒരു ഹെല്‍മെറ്റ് മോഷണം പോയിരുന്നു. ഹെല്‍മെറ്റ് നഷ്ടപ്പെട്ട യുവാവ് ബാറുകാരോട് പരാതിപ്പെട്ടു. ബാർ ജീവനക്കാർ സിസിടിവി നോക്കിയപ്പോള്‍ ഹെല്‍മറ്റ് അടിച്ച് മാറ്റിയ വിരുതനെ കണ്ടു.
തുടർന്നാണ് ആദർശിനെ കുരുക്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. യുവാവ് ഹെല്‍മറ്റ് മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ബാർ ജീവനക്കാരും ബൈക്ക് ഉടമയും മൊബൈലില്‍ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ മോഷ്ടാവിനെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പക്ഷേ, സങ്കടത്തിലായത് ആദർശാണ്. രൂപ സാദൃശ്യത്തിന്‍റെ പേരില്‍ പഴികേട്ടത് ആദർശിനാണ്. പലരും ആദർശാണ് കള്ളനെന്ന് തെറ്റിദ്ധരിച്ചത്.
പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു. അറിയുന്നവരോടെല്ലാം സ്വന്തം നിരപരാധിത്വം ബോധിപ്പിച്ചെങ്കിലും അപരിചതരില്‍ പലരും സംശയത്തോടെ നോക്കുന്നതിന്‍റെ ദുഖത്തിലാണ് ആദർശ്. സിസിടിവി ദൃശ്യങ്ങളില്‍ യുവാവിനെ വ്യക്തമായി കാണാനായിരുന്നെങ്കില്‍ താൻ പഴി കേള്‍ക്കേണ്ടി വരില്ലെന്നാണ് ആദർശ് പറയുന്നത്.
Add Comment