Tech

ഇൻ്റൽ ഒറ്റയടിക്ക് പറഞ്ഞുവിടുന്നത് 2000 തൊഴിലാളികളെ; 60 ദിവസത്തെ സമയം നൽകി കമ്പനി

യുഎസിലെ തങ്ങളുടെ വിവിധ ഓഫിസുകളിൽ നിന്ന് 2000ത്തോളം തൊഴിലാളികളെ പറഞ്ഞുവിടാൻ തീരുമാനിച്ച് ഇന്റൽ. ലോകമെങ്ങും വിവിധ ടെക്ക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തുവരുന്നതിനിടെയാണ് ഇൻ്റലും ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്റൽ ഉൾപ്പെടുന്ന സെമികണ്ടക്ടർ നിർമ്മാണ മേഖലയിലെ കടുത്ത മത്സരവും സാമ്പത്തിക ഞെരുക്കവും മറികടക്കാനാണ് ഇത്തരമൊരു പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വാദം.

20,000ത്തോളം പേർ ജോലി ചെയ്യുന്ന ഒറിഗാവോൺ മേഖലയിലാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ആകെ പിരിച്ചുവിടപ്പെട്ട 2000 പേരിൽ 1300 പേർ ഇവിടെനിന്നാണ്. മാത്രമല്ല, കമ്പനിയുടെ പ്രധാനപ്പെട്ട മേഖലകളായ അലോഹ, ഹിൽസ്‌ബോറോ എന്നിവിടങ്ങളിലെ തൊഴിൽശക്തിയെയും ഈ പിരിച്ചുവിടൽ ബാധിക്കാനിടയുണ്ട്. ഇവയ്ക്ക് പുറമെ ആരിസോണ, കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിലും തൊഴിലാളികളെ ഇന്റൽ പിരിച്ചുവിടുന്നുണ്ട്.

തൊഴിലാളികൾക്ക് 60 ദിവസത്തെ നോട്ടീസ് പിരീഡ്‌ നൽകിയാണ് കമ്പനി പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കുന്നത്. ഈ കാലയളവിൽ പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് അധിക ശമ്പളവും മറ്റ് അനുകൂല്യങ്ങളും നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. നവംബർ 15 മുതൽ ഈ നടപടിക്രമങ്ങൾ തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. കമ്പനിയുടെ ചിലവുകൾ കുറയ്ക്കാൻ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് ഇന്റൽ സിഇഒ പാറ്റ് ഗെൽസിങ്ങർ ഓഗസ്റ്റിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ലോകമെങ്ങുമുളള ഇന്റൽ തൊഴിലാളികളിൽ നിന്നും 15000 പേരെ പറഞ്ഞുവിടാനാണ് കമ്പനിയുടെ പദ്ധതി. അതിന്റെ ആദ്യ പടിയെന്നോണമാണ് ഈ പിരിച്ചുവിടൽ എന്നാണ് നിഗമനം. ഇതോടെ ഏകദേശം 10 ബില്യൺ കമ്പനിയ്ക്ക് ലഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗെൽസിങ്ങർ പറഞ്ഞിരുന്നു.

ചിലവ് കുറയ്ക്കാൻ പിരിച്ചുവിടൽ നടപടിയെ മാത്രമല്ല ഇന്റൽ ആശ്രയിക്കുന്നത്. യുഎസിന് പുറത്ത് പുതിയ ഓഫീസുകൾ തുറക്കാനും ചിപ്പ് മാനുഫാക്ച്ചറിങ് ഡിവിഷനിൽ ഒരു പുനഃസംഘാടനം നടത്താനും ഇന്റൽ നിലവിൽ തയ്യാറാകുന്നില്ല. ഇതിലൂടെ ചിലവ് കുറയ്ക്കുക മാത്രമല്ല, നിലവിലുള്ള മാനവവിഭവശേഷിയെ മികച്ച രീതിയിൽ ഉപയോഗിക്കാനാവുമെന്നുമാണ് ഇന്റൽ കണക്ക് കൂട്ടുന്നത്. ഇന്റലിന് മുൻപേ നിരവധി ടെക്ക് കമ്പനികളും ഇത്തരത്തിൽ പിരിച്ചുവിടലുമായി രംഗത്തെത്തിയിരുന്നു.

സാംസങ് അവരുടെ 30 ശതമാനം തൊഴിലാളികളെയും മൈക്രോസോഫ്റ്റ്, സിസ്കോ എന്നിവർ ഏകദേശം 7500 തൊഴിലാളികളെയുമാണ് പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. ടെക്ക് കമ്പനി സിസ്‌കോയാണ് തൊഴിലാളികളെ പിരിച്ചുവിടുന്ന മറ്റൊരു ഭീമൻ. തങ്ങളുടെ മൊത്തം തൊഴിലാളികളിലെ ഏഴ് ശതമാനത്തെയാണ്, അതായത് 5600 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇക്കൊല്ലം ഫെബ്രുവരിയിൽ 4000 തൊഴിലാളികളെ കമ്പനി ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. ഇവർക്കെല്ലാം പുറമെ ആഗോള ഭീമന്മാരായ പിഡബ്ള്യുസി, ആക്സോ നൊബേൽ, പാരമൗണ്ട് ഗ്ലോബൽ, ഡിസ്‌നി എന്നിവരും വലിയ തോതിൽ തൊഴിലാളികളെ പിരിച്ചുവിടുകയാണ്.

Tags