Tech

ഐഫോൺ 17 സീരീസ് അടുത്തവർഷം സെപ്റ്റംബറിൽ

ആപ്പിൾ 17 സീരിസ് അടുത്ത സെപ്റ്റംബറിൽ വരുമെന്ന വെളിപ്പെടുത്തലുമായി ‘ഹൈറ്റോംഗ് ഇൻ്റർനാഷണലി’ൻ്റെ ജെഫ് പു. ആപ്പിൾ പ്രൊഡക്ടുകളുമായി ബന്ധപ്പെട്ട വിശ്വസനീയവും കൃത്യതയുമുള്ള സോഴ്സായാണ് ഇവരെ കണക്കാക്കുന്നത്. ഐഫോൺ 17 സീരീസിനൊപ്പം പുതിയതായി ഇതുവരെയില്ലാത്ത ഒരു മോഡൽ പുറത്തിറങ്ങുമെന്നും ജെഫ് പു വ്യക്തമാക്കുന്നു.

ഐഫോണിൻ്റെ പഴയ പതിപ്പുകളിലൊന്നുമില്ലാതിരുന്ന പുതിയൊരു മോഡലും ഐഫോൺ 17 സീരിസിനൊപ്പം അവതരിപ്പിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ മോഡലായ ഐഫോൺ 17 സ്ലിമ്മിന് ഐഫോൺ 17 എയർ എന്ന് പേരിടുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ അതിൻ്റെ ടാബ്‌ലെറ്റുകൾക്ക് ഉപയോഗിക്കുന്ന അതേ പേരിടൽ സ്കീം പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐഫോൺ 17 എയർ എന്ന് പേരിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

8GB റാമുമായി പെയർ ചെയ്ത A19 ചിപ്പായിരിക്കും ഇതിന് ഉപയോഗിക്കുക എന്ന അനൗദ്യോഗിക വിവരവും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഇത് ആപ്പിളിൻ്റെ പ്രോ മോഡലുകളിൽ ഉപയോഗിക്കപ്പെടുന്ന A19 പ്രൊ അല്ലെന്നും സ്ഥിരീകരണമുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 48 എംപി റെസല്യൂഷനുള്ള പിൻകാമറയും 24 എംപി സെൽഫി കാമറയും ഐഫോൺ 17 എയറിലുണ്ടാകും എന്നാണ് റിപ്പോർട്ട്. ഫേസ് ഐഡി, അലുമിനിയം ഫ്രെയിം, 6.6 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയും സജ്ജമാക്കിയിട്ടുണ്ട് എന്നാണ് വിവരം. ഈ മോഡലിനായി പൂർണ്ണമായും പുതിയ ഡിസൈനിലാവും പുറത്ത് വരികയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുൻ ഐഫോൺ സീരീസുകളിലെ പ്ലസ് മോഡലിന് പകരമാകും ഐഫോൺ 17 എയർ പുറത്തിക്കുന്നതെന്നാണ് ജെഫ് പു വ്യക്തമാക്കുന്നത്. ഐഫോൺ 17 പ്രോ, പ്രോ മാക്സ് എന്നിവയെക്കുറിച്ചും ജെഫ് പു വ്യക്തമാക്കുന്നുണ്ട്. ഐഫോൺ 17ൻ്റെ പ്രോമോഡലുകൾക്ക് മുൻഗാമികളുടെ അതേ സ്‌ക്രീൻ വലുപ്പമുണ്ടാകുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. A19 പ്രോ ചിപ്പ്, 12 ജിബി റാം, 48 എംപി ടെലിഫോട്ടോ കാമറ, 24 എംപി സെൽഫി ക്യാമറ എന്നിവ ഉണ്ടാകും. ഇതിന് പുറമെ പ്രോ മാക്‌സിന് വളരെ നേർത്ത ഡൈനാമിക് ഐലൻഡും ഉണ്ടായിരിക്കും.