Lifestyle

പങ്കാളിയുടെ സ്‌നേഹം യഥാര്‍ഥമാണോ?, എങ്ങനെ തിരിച്ചറിയാം…

പ്രണയം വളരെ മനോഹരമായ അനുഭവമാണ്. നീയാണ് എന്റെ ജീവനെന്നും ജീവിതമെന്നുമെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറയുന്ന സമയം. പ്രണയത്തിലായിരിക്കുമ്പോള്‍ മനസ് അന്ധമാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ ആ സ്‌നേഹം സത്യമായിരിക്കുമോ? ആരാണ് യഥാര്‍ഥത്തില്‍ കൂടെ നില്‍ക്കുന്നത് എന്നതൊക്കെ തിരിച്ചറിയാന്‍ പ്രയാസമാണ്. വളരെ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പോലും ആഴത്തിലുളള ബന്ധം നിലനിര്‍ത്തുകയും, ആത്മാര്‍ഥമായ പരിചരണം നല്‍കുകയും കൂടെനില്‍ക്കുകയും ഒക്കെ ചെയ്യുന്നതിലാണ് യഥാര്‍ഥ സ്‌നേഹം നിലനില്‍ക്കുന്നത്. യഥാര്‍ഥ സ്‌നേഹം നിങ്ങള്‍ക്ക് സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പങ്കാളിയുടെ സ്‌നേഹം യഥാര്‍ഥമാണോ എന്ന് എങ്ങനെ തിരിച്ചറിയാം.

വിഷമത്തിലും ഒപ്പം നില്‍ക്കുന്നവര്‍

ജീവിതം പ്രശ്‌നത്തില്‍ അകപ്പെടുമ്പോഴാണ് യഥാര്‍ഥ സ്‌നേഹം മനസിലാക്കാന്‍ സാധിക്കുന്നത്. സന്തോഷത്തിലിരിക്കുമ്പോള്‍ കൂടെയുണ്ടാവുക എന്നത് എളുപ്പമുളള കാര്യമാണ്. എന്നാല്‍ ഒരാളുടെ വിഷമത്തില്‍ കൂടെനില്‍ക്കാന്‍ യഥാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ സാധിക്കൂ. അത് ജോലിയിലെ പ്രശ്‌നങ്ങളോ, സാമ്പത്തിക പ്രശ്‌നങ്ങളോ, വൈകാരിക പ്രശ്‌നങ്ങളോ എന്തുമാകട്ടെ എല്ലാവിധ സപ്പോര്‍ട്ടും ചെയ്യാന്‍ അവര്‍ തയ്യാറായിരിക്കും.

നിങ്ങളുടെ സ്വപ്‌നങ്ങള്‍ അവരുടേതുകൂടി

നിങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആശങ്കകളും ഒക്കെ അവരുടേത് കൂടിയായിരിക്കും. നിങ്ങളുടെ ഹൃദയത്തെ മനസിലാക്കാനും കൂടെ നിര്‍ത്താനും അവര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അവര്‍ നിങ്ങളുടെ സൗന്ദര്യത്തെ മാത്രം കാണുകയും ഉള്ളിലുള്ള വിഷമത്തെ മനസിലാക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത് യഥാര്‍ഥ സ്‌നേഹമല്ല.

അവര്‍ക്കുവേണ്ടി നിങ്ങളെ മാറ്റാന്‍ ശ്രമിക്കാറില്ല

നിങ്ങള്‍ എങ്ങനെയാണോ അതുപോലെ നിങ്ങളെ മനസിലാക്കാന്‍ അവര്‍ ശ്രമിക്കും. ആരെയെങ്കിലും സ്‌നേഹിക്കുക എന്നതിനര്‍ഥം അവരുടെ നല്ലതും ചീത്തയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാത്തിനും കുറ്റവും കുറവും കാണുകയും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിങ്ങളെ മാറ്റി എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍ അത് യഥാര്‍ഥ സ്‌നേഹമല്ല. ഓരോരുത്തരും ഓരോ വ്യക്തിത്വമാണെന്ന് മനസിലാക്കി പരസ്പര ബഹുമാനം കൊടുക്കുന്നതിലാണ് യഥാര്‍ഥ സ്‌നേഹമിരിക്കുന്നത്.

വാക്കുകളും പ്രവൃത്തികളും ഒന്നായിരിക്കുക

പ്രണയത്തിലാകുന്ന സമയത്ത് പല വാഗ്ധാനങ്ങളും നല്‍കുകയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഒന്നും ചെയ്യാതെയുമിരിക്കുന്നവരെ കണ്ടിട്ടില്ലേ. യഥാര്‍ഥ സ്‌നേഹം പ്രവൃത്തിയിലൂടെയാണ് പ്രകടമാവുക. അവര്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ല എങ്കില്‍ അവര്‍ ആത്മാര്‍ഥതയുളളവരാണെന്ന് പറയാനാവില്ല.