Food

പനീർ വെജ് ആണോ നോൺ വെജ് ആണോ?

പാലും പനീറും വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ? ഇപ്പോൾ ഇതാ പാലും പനീറും സസ്യാഹാരമല്ലെന്ന് പറഞ്ഞ് ഒരു ഡോക്ടർ പോസ്റ്റിട്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലും പാലുത്പ്പന്നമായ പനീറും മൃ​ഗങ്ങളിൽ നിന്നുള്ളതായതിനാൽ അതിനെ സസ്യാഹാരമായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് ഒരു ഇന്ത്യൻ ഡോക്ടർ എക്സിലൂടെ അഭിപ്രായപ്പെട്ടത്.

ഡോക്ടർ സുനിത സയാമ്മ​ഗാരു എന്ന വ്യക്തിയുടെ പോസ്റ്റ് റീ ഷെയർ ചെയ്താണ് ഡോ. സിൽവിയ കർപ്പഗം അഭിപ്രായപ്രകടനം നടത്തിയത്. ഒരു വെജിറ്റേറിയൻ ഭക്ഷണത്തിൻ്റെ ചിത്രമാണ് സുനിത സയാമ്മ​ഗാരു പങ്കുവെച്ചത്. പനീ‍ർ, ചെറുപയർ, പച്ച തേങ്ങ, വാൽനട്ട്, ഖീർ, കാരറ്റ്, കക്കിരി, ഉള്ളി ഇവ ചേർത്തുണ്ടാക്കിയ സാലഡ് നിറ‍ഞ്ഞ പാത്രമായിരുന്നു. ഇത് തന്റെ ഭർത്താവിന്റെ വെജിറ്റേറിയൻ മീലാണ്, പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ എന്നിവയടങ്ങിയതാണ് എന്നെഴുതിയ കാപ്ഷനോടൊപ്പമാണ് സുനിത സായമ്മഗാരു ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഈ പോസ്റ്റ് റീ പോസ്റ്റ് ചെയ്താണ് ഡോ. സിൽവിയ കർപ്പഗം പ്രതികരിച്ചത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്‌സിൻ്റെ വർക്കിംഗ് എഡിറ്ററാണ് ഡോ. സിൽവിയ കർപ്പഗം. ‌

പോസ്റ്റിന് പിന്നാലെ വിമർശിച്ച് നിരവധി ഉപയോക്താക്കളാണ് രം​ഗത്തെത്തിയത്. പാലും പനീറും മറ്റ് പാലുത്പ്പന്നങ്ങളുമെല്ലാം സസ്യാഹാരമാണെന്നാണ് ഒരു ഉപയോക്താവിൻ്റെ വാ​ദം. ഒരു മൃ​ഗത്തിനേയും ഈ ഉൽപ്പന്നങ്ങൾക്കായി കൊല്ലുന്നില്ലെന്നും അതിനാൽ സസ്യാഹാരമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ‌

മുട്ട എങ്ങനെയാണ് നോൺ വെജിറ്റേറിയൻ ആവുന്നതെന്നും അതിലും മൃ​ഗത്തെയോ കോഴിയേയോ കൊല്ലുന്നില്ലല്ലോ, സാമാന്യ ബുദ്ധി ഉപയോ​ഗിച്ച് ചിന്തിക്കൂവെന്നും ഡോക്ടർക്ക് ഉപയോക്താവ് മറുപടി നൽകി. ഡോക്ടറുടെ പരാമർശം ചില വ്യക്തികളിൽ പ്രകോപനം ഉണ്ടാക്കുകയാണെന്നും വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്തെ പല ആളുകളുടേയും സാംസ്കാരികവും മതപരവുമായ വിഷയങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യക്കാർ ലാക്ടോ വെജിറ്റേറിയനിസം പിന്തുടരുന്നവരാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.