Kerala

പി പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല; ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സ്വതന്ത്രമായ നടപടിയിലേക്ക് പൊലീസിന് കടക്കാം. സര്‍ക്കാരോ പാര്‍ട്ടിയോ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. പൊലീസ് അറസ്റ്റ് വൈകുന്നതില്‍ താനല്ല പ്രതികരിക്കേണ്ടതെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം.

‘ആരോപണത്തില്‍ അന്വേഷണം വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ മുതല്‍ സ്വീകരിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും തുടര്‍നടപടികള്‍ ഉണ്ടാവും. അത് പൊലീസിന് സ്വീകരിക്കാം. ദിവ്യയുടെ പ്രശ്‌നത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കും. പാര്‍ട്ടി നടപടി സംബന്ധിച്ചുള്ള കാര്യങ്ങള്‍ വേറെ വിഷയമാണ്. ഇതുമായി കൂട്ടികുഴക്കേണ്ട. പാര്‍ട്ടി തന്നെയാണ് അവരെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. മറ്റ് കാര്യങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനിക്കും. ശരിയായ നിലപാട് എടുക്കാന്‍ കരുത്തുറ്റ പാര്‍ട്ടിയാണ് കണ്ണൂരിലേത്’, എന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.