ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വനിതാ ടീം ആദ്യമായി ഓസ്‌ട്രേലിയയുടെ വനിതാ ടീമിനെ തോൽപ്പിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ഓസ്‌ട്രേലിയൻ പര്യടനത്തിലായിരുന്നു ഇന്ത്യയുടെ വനിതാ ടീം ചരിത്രം തിരുത്തി കുറിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റിനായിരുന്നു ജയം. ഇതിന് മുമ്പ് പത്തോളം ടെസ്റ്റുകൾ ഇരു ടീമുകളും കളിച്ചിരുന്നുവെങ്കിലും ഒരു മത്സരം പോലും ജയിക്കാനായിരുന്നില്ല. നാലെണ്ണം ഓസീസ് വിജയിച്ചപ്പോൾ ആറെണ്ണം സമനിലയിലാവസാനിച്ചു.
ടോസ് നേടി ഓസീസ് അന്ന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 40 റൺസ് നേടിയ ബെത് മൂണിയുടെയും 50 റൺസ് നേടിയ മഗ്രാത്തിന്റെയും മികവിൽ ഓസീസ് ആദ്യ ഇന്നിങ്സിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഷെഫാലി (40 റൺസ്), മന്ദന (74 റൺസ്), റിച്ച ഘോഷ്(52), ജെമീമ(73 ), ദീപ്തി ശർമ (78), വസ്ത്രകാർ(47 റൺസ് ) തുടങ്ങി ക്രീസിലെത്തിയവരെല്ലാം തിളങ്ങിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 406 റൺസ് കണ്ടെത്തി. ഇതോടെ ഇന്ത്യയ്ക്ക് 187 റൺസിന്റെ ലീഡായി.
രണ്ടാം ഇന്നിങ്സിൽ ഓസീസ് പിന്നീട് 261 റൺസ് നേടി. മഗ്രാത് 73 റൺസ് നേടിയപ്പോൾ ബെത് മൂണി 33 റൺസും അലീസ ഹീലി 33 റൺസും അന്നബെൽ 27 റൺസും നേടി. എന്നാൽ 75 റൺസിന്റെ ചെറിയ വിജയ ലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
Add Comment