ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ പ്രതികരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പ. അഞ്ചാമെത്തെ ആഴ്ചയിലാണ് തന്നെ അനീഷ്, സുറുമി ദമ്പതികൾ കാണാനെത്തിയതെന്നും സ്കാനിങിൽ എല്ലാം നോർമൽ ആയിരുന്നുവെന്നും ഡോ. പുഷ്പ പറഞ്ഞു. മാർച്ച് 29-ന് സ്കാനിങ് റിപ്പോർട്ടുമായി ഇവർ തൻ്റെയടുത്ത് എത്തിയിരുന്നു. അതിന് ശേഷം ഇവർ തൻ്റെയടുത്ത് വന്നിട്ടില്ലായെന്നും ഡോക്ടർ പറഞ്ഞു. പ്രാരംഭഘട്ടത്തിൽ കുഞ്ഞിൻ്റെ അംഗവൈകല്യവും കണ്ടെത്താൻ കഴിയില്ല. രണ്ട് ദിവസം മുൻപ് പരാതി വന്നപ്പോഴാണ് പ്രശ്നത്തെ പറ്റി അറിയുന്നത്. ഇത്തരത്തിലുള്ള അംഗവൈകല്യങ്ങൾ കണ്ടു പിടിക്കുന്നത് ഗൈനക്കോളജിസ്റ്റല്ല. 19, 20 ആഴ്ച്ചയിലാണ് ഇത് കണ്ടുപിടിക്കുന്നതെന്നും ഡോ. പുഷ്പ പറഞ്ഞു. ഇത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെയും കുറ്റമല്ലായെന്നും ആദ്യ സ്കാനിങ്ങിൽ എല്ലാം ശരിയായിരുന്നുവെന്നും ഡോക്ടർ കൂട്ടിചേർത്തു.
അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്.
ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരിക്കുന്നത്. സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.
ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെയെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിൽ ഡോക്ടറുടെ ഒപ്പും സീലും നൽകിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
Add Comment