കെ.ടി ജലീല്‍ എംഎല്‍എയും മുൻ എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജിയും തമ്മിലുള്ള സോഷ്യല്‍മീഡിയ പോര് കടുക്കുന്നു.
ജലീല്‍ ഉയർത്തിയ ആരോപണങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും മറുപടിയുമായി കെ.എം ഷാജി രംഗത്തെത്തി. ഒരു വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രം ആണ് നിങ്ങളുടെ മുടക്കുമുതലെന്നും എന്നാല്‍ തനിക്ക് അങ്ങനെയല്ലെന്നും ഒരായുസിൻ്റെ അധ്വാനമുണ്ടെന്നും കെ.എം ഷാജി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘2006ല്‍ നിയമസഭയിലേക്ക് തോറ്റത് പി.കെ കുഞ്ഞാലിക്കുട്ടി മാത്രമല്ല, ജയിച്ചത് ജലീല്‍ മാത്രവുമല്ല. മലപ്പുറത്ത് തന്നെ മറ്റ് ഇടതുപക്ഷ സ്ഥാനാർഥികളും ജയിച്ചിരുന്നു. അവരൊന്നും ആ തഴമ്ബില്‍ ഉഴിഞ്ഞല്ല പില്‍ക്കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. നിങ്ങള്‍ സ്വയം പൊക്കി പറയുന്ന ആ വിജയരഥം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് കാണാതായതും പുഴയ്ക്കക്കരെ ഒരു കാളവണ്ടിയായി പൊങ്ങിയതും ചരിത്രത്തിലുണ്ട്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള തവനൂരിലാണ് പിന്നെ നിങ്ങള്‍ തേരോട്ടാൻ പോയത്. അന്ന് ആ സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ നിങ്ങളുടെ ഏറ്റവും വലിയ ശത്രു സിപിഎം ആവുമായിരുന്നല്ലോ?’- കെ.എം ഷാജി ചോദിച്ചു.
‘2006ല്‍ നിങ്ങള്‍ തോല്‍പിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കു മുന്നില്‍ പിന്നീട് നിങ്ങളെത്ര തവണ തോറ്റു എന്നതിൻ്റെ കണക്ക് നിങ്ങളുടെ കൈയിലില്ല എങ്കിലും ജനങ്ങള്‍ കൂട്ടിവച്ചിട്ടുണ്ട്. പിന്നീടുള്ള 18 വർഷത്തെ ജലീലിന്റെ നിയമസഭാ സാമാജികത്വത്തിൻ്റെയും അധികാര ലബ്ധിയുടേയും ഗർവ് കേള്‍ക്കുന്ന ജനങ്ങള്‍ നിങ്ങളുടെ നിലപാട് മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എന്നെക്കുറിച്ച് ഉന്നയിച്ച മറ്റൊരാരോപണം നിങ്ങളെ ലീഗില്‍ നിന്ന് പുറത്താക്കിയതിന് കാരണക്കാരനാണ് എന്നതാണല്ലോ’.
‘നിങ്ങളെ പുറത്താക്കിയതില്‍ എനിക്ക് പങ്കുണ്ടെന്ന വാദത്തില്‍ ഞാൻ അഭിമാനം കൊള്ളുന്നു. ഇത്രയ്ക്ക് ഉളുപ്പില്ലാത്ത ഒരുവനെ പുറത്താക്കുന്നത് സംഘടനയ്ക്ക് ചെയ്യുന്ന മികച്ച സംഭാവനയാണ്. അതൊരു സുകൃതമായി തോന്നുകയാണ്. ഇഹലോകത്ത് ജലീല്‍ കളിച്ച കളിയുടെ ചെറിയ ഭാഗം മാത്രമാണ് പറഞ്ഞത്. പരലോകമൊക്കെ എത്താൻ കുറേ കുറിപ്പുകള്‍ വേണ്ടി വരും. നമുക്ക് പരലോക വിജയവും ചർച്ച ചെയ്യണം. ഞാൻ തയാറാണ്’- കെ.എം ഷാജി കുറിച്ചു.
കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വയം മുഹമ്മദലി ക്ലെ എന്നും നാട്ടുകാർ പലപേരിനിടക്ക് കെ.ടി ജലീല്‍ എന്നും വിളിക്കുന്ന ജലീലിന്,
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി ആയി നീ എഴുതിയ എഫ് ബി. കുറിപ്പ് വായിച്ചു.
ആ എഴുത്തില്‍ നീ സ്ഥിരമായി പറയുന്ന കാര്യങ്ങള്‍ക്കപ്പുറം പുതുതായി ഒന്നുമില്ലെങ്കിലും ഒരു മറുകുറിപ്പ് നല്ലതാണെന്ന് തോന്നി. നിൻ്റെ രാഷ്ട്രീയ പ്രൊഫൈല്‍ നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ, അതിൻ്റെ ആവർത്തനത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. 2006 ല്‍ കുറ്റിപ്പുറത്ത് ആനപ്പുറത്ത് കയറിയതിൻ്റെ ആ തഴമ്ബ് മായാതെ നിലനിർത്തേണ്ടത് നിൻ്റെ ആവശ്യമായിരിക്കാം എന്നാല്‍ മാഞ്ഞു പോകാതിരിക്കാൻ നിലത്തിട്ടുരസി പഴുത്ത് ചീഞ്ഞ് മണം വരുന്നുണ്ട്.ആ ദുർഗന്ധം നിനക്ക് സുഗന്ധമായി തോന്നാം. ജനങ്ങള്‍ എന്തിനത് സഹിക്കണം.?
2006 ല്‍ നിയമസഭയിലേക്ക് തോറ്റത് പി.കെ കുഞ്ഞാലിക്കുട്ടി മാത്രമല്ല ജയിച്ചത് നീ മാത്രവുമല്ല. മലപ്പുറത്ത് തന്നെ മറ്റ് ഇടത്പക്ഷ സ്ഥാനാർത്ഥിളും ജയിച്ചിരുന്നു. അവരൊന്നും ആ തഴമ്ബില്‍ ഉഴിഞ്ഞല്ല പില്‍ക്കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്.
നീ സ്വയം പൊക്കി പറയുന്ന ആ വിജയരഥം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് കാണാതായതും പുഴക്കക്കരെ ഒരു കാളവണ്ടിയായി പൊങ്ങിയതും ചരിത്രത്തിലുണ്ട്. സി പി എമ്മിന് ശക്തമായ വേരോട്ടമുള്ള തവനൂരിലാണ് പിന്നെ നീ തേരോട്ടാൻ പോയത്. അന്ന് ആ സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ നിൻ്റെ ഏറ്റവും വലിയ ശത്രു സി.പി.എം. ആവുമായിരുന്നല്ലോ? അന്ന് ഞാൻ സഭയിലെത്തുന്നത് തവനൂര് പോലെ മാർക്സിസ്റ്റ് പാർട്ടി വാഴുന്ന കണ്ണൂരിലെ അഴീക്കോട് നിന്നാണ്. അതൊന്നും എൻ്റെ മിടുക്കല്ല നാട്ടുകാർ എൻ്റെ മുന്നണിക്ക് നല്‍കിയ അംഗീകാരമാണ്. ഞാനതിലൊന്നും അഹങ്കരിക്കുന്നതില്‍ അർത്ഥമില്ല.
2006 ല്‍ നീ തോല്‍പിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മുന്നില്‍ പിന്നീട് നീ എത്ര തവണ തോറ്റു എന്നതിൻ്റെ കണക്ക് നിൻ്റെ കൈയിലില്ല എങ്കിലും ജനങ്ങള്‍ കൂട്ടി വെച്ചിട്ടുണ്ട്. പിന്നീടുള്ള 18 വർഷത്തെ നിൻ്റെ നിയമസഭ സാമാജികത്വത്തിൻ്റെയും അധികാര ലബ്ധിയുടെയും ഗർവ്വ് കേള്‍ക്കുന്ന ജനങ്ങള്‍ നിൻ്റെ നിലപാട് മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എന്നെക്കുറിച്ച് ഉന്നയിച്ച മറ്റൊരാരോപണം നിന്നെ ലീഗില്‍ നിന്ന് പുറത്താക്കിയതിന് കാരണക്കാരനാണ് എന്നതാണല്ലോ. ഗുജറാത്ത് ഫണ്ടടക്കം കുഞ്ഞാലിക്കുട്ടി സാഹിബിനെപ്പറ്റി പറഞ്ഞ കുറ്റങ്ങള്‍ ആയിരുന്നു 2006 ല്‍ നിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്റ്റേജ് കെട്ടി നീ തന്നെ കൂകിപ്പറഞ്ഞത്. അതൊക്കെ നീ മറന്നാലും ജനം മറക്കില്ല. അന്ന് ആദർശം കൊണ്ട് ലീഗ് വിട്ടതാണെന്ന നിൻ്റെ വിസർജ്യം 2024 ല്‍ സ്വയം വാരി വിഴുങ്ങുകയാണ്. മറ്റു പലതിനൊപ്പം അതൊരു അമൃത് ആയി നിനക്ക് തോന്നാം. ഇനി നീ ഇങ്ങനെയും പറയാം.
അടുത്ത കുറിപ്പില്‍ നിന്നെ സിമിയില്‍ നിന്ന് പുറത്താക്കിയത് ഞാനാണെന്നും എനിക്ക് PSM0 കോളേജില്‍ ചെയർമാനാവാൻ ആണെന്നും പറയാനിടയുണ്ട്. പക്ഷെ, നിയസഭയില്‍ നീ വലിയ കാര്യമായി പറഞ്ഞത് ഓർക്കണം. കെ.എം ഷാജി റഗുലർ കോളേജില്‍ പോയിട്ടില്ല എന്ന നിൻ്റെ പ്രസംഗം സഭാ രേഖയിലുണ്ടാവും.
ജലീലെ ,
[നിന്നെ “ബഹുമാനപൂർവ്വം മുഹമ്മദലി ക്ലേ: എന്ന് തന്നെ വിളിക്കണമെന്നുണ്ട്. പക്ഷെ, കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിൻ്റെ ആദരവിന് അർഹനായ ആ മഹാപ്രതിഭയുടെ പേരിൻ്റെ യശസ്സ് ഇല്ലാതായി പോകരുതല്ലോ.] ശരിയാണ്, നിയമസഭയില്‍ വെച്ച് നീ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാൻ ഓർക്കുന്നുണ്ട്. അന്ന് പറഞ്ഞ കാര്യം പരസ്യമായി നീ സമ്മതിച്ചല്ലോ.
ആ കാര്യം പിന്നീട് പലരോടും പങ്കുവെച്ചപ്പോള്‍ അവർ വിശ്വസിച്ചിട്ടില്ലായിരുന്നു. കാരണം, അവരൊക്കെ അപ്പോഴും നിനക്ക് കുറച്ച് സാമാന്യബുദ്ധി ബാക്കിയുണ്ടെന്ന ധാരണയുള്ളവരായിരുന്നു. MLA യും മന്ത്രിയുമൊക്കെ ആവലാണ് നിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് നീ തന്നെ പറയുമെന്ന് അവർ വിചാരിച്ചു കാണില്ല. 2021 ലെ വിജയത്തെക്കുറിച്ച് നീ എഴുതിയത് “ചാരിറ്റി മാഫിയ തലവന് എതിരായ മിന്നുന്ന ജയം” എന്നാണ്. അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലൂടെ നീ അയാളെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുകയാണ്.
എന്നാല്‍, ആ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായതിനാല്‍ മാത്രം സജീവ രാഷ്ട്രീയത്തില്‍ വന്ന, ആ വ്യക്തിക്കെതിരായി നീ നേടിയ “മിന്നുന്ന ” ജയത്തിൻ്റെ ഭൂരിപക്ഷം ഒന്ന് ഓർത്തു നോക്കിയാല്‍ നിനക്കിപ്പോഴും തലമിന്നുന്നുണ്ടാവും. 18 വർഷം MLA യും ഒരു ടേം മന്ത്രിയുമായ നിനക്ക് വോട്ടർമാർ നല്‍കിയ “മിന്നുന്ന പിന്തുണ” സി പി എമ്മിന് മനസ്സിലായതാണ് മത്സരത്തില്‍ നിന്നുള്ള നിൻ്റെ പിൻവാങ്ങലിൻ്റെ ആധാരമെന്ന് ആർക്കാണ് അറിയാത്തത്.? നാലു തെരഞ്ഞെടുപ്പുകളില്‍ പറ്റിയ അബദ്ധം ഇനി പറ്റില്ലെന്ന് സഖാക്കള്‍ ശപഥം ചെയ്തിട്ടുമുണ്ട്. നിന്നെ പോലെ നിയമസഭ കണ്ട് രാഷ്ട്രീയത്തിലിറങ്ങിയതല്ല ഞാനെന്ന് പറയേണ്ടി വന്നതില്‍ സങ്കോചമുണ്ട്. നടക്കാൻ പഠിച്ച കാലത്ത് ഒരു കൊടി കൈയില്‍ തന്ന് ബാപ്പ പറഞ്ഞത് “എംഎല്‍എ ആയി തിരിച്ച് വാ”എന്നല്ല. ഇതിന് ഒരു ആദർശമുണ്ട്, ഇത് ഒരാശയത്തിൻ്റെ പതാകയാണ് എന്നാണ്.
നീ സിമി വിട്ട് കാറില്‍ കയറി ലീഗ് വേദികളില്‍ പ്രസംഗിക്കാനിറങ്ങുന്നതിന് വർഷങ്ങള്‍ക്ക് മുമ്ബ് ബസ് കയറി എം.എസ് എഫ് പ്രവർത്തനവും പ്രസംഗവും നടത്തിയ എന്നെപ്പോലുള്ള ഒട്ടനവധി വ്യക്തികളുടെ മുകളില്‍ നീ കയറിയിരുന്നപ്പോള്‍ വലിച്ചു താഴെയിടാതിരുന്നത് മാന്യത കൊണ്ടാണ്.
ഒന്നും കിട്ടില്ലെന്നുറപ്പുണ്ടായിട്ടും തെരുവില്‍ നിന്ന് പോരാടിയ ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തവും മാംസവും വിയർപ്പുമാണ് ഞാനും നീയും ആസ്വദിച്ച എം.എല്‍ എ കുപ്പായം: അത് നിനക്ക് മറക്കാം. മറ്റൊരു കൊമ്ബിലേക്ക് ചാടാം. ഒരു വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രം ആണ് നിന്റെ മുടക്ക് മുതല്‍ ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഒരായുസ്സിൻ്റെ അധ്വാനമുണ്ട്. തല്‍ക്കാലം ഈ എഴുത്ത് ചുരുക്കുകയാണ്. നിന്നെക്കുറിച്ച് എഴുതാനുള്ള വിഷയ ദാരിദ്ര്യം കൊണ്ടല്ല. വിസ്താരഭയം കൊണ്ടാണ്.
നീ മറുപടി അർഹിക്കുന്നില്ല. മൗനമാണ് നല്ലതെന്ന് ഉപദേശിച്ച സുഹൃത്തുക്കളോട് പറഞ്ഞത് ചിലരെ ഈ തെരുവില്‍ തന്നെ നേരിടണമെന്നാണ്. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. നീ എഫ് ബി കുറിപ്പുകള്‍ സമാഹരിച്ച് പുസ്തകം രചിച്ച് കാശുണ്ടാക്കുന്നയാളാണ്. നാളെ എന്നെ വെച്ച് കാശുണ്ടാക്കുന്ന “ട്രിക്ക്” പൊളിക്കാനാണ് ഈ മറുകുറിപ്പ്. ഇതിന് നീ മറുപടി എഴുതുമെന്ന് ഉറപ്പുണ്ട്. അപ്പോള്‍ പറയാനായി ചില കാര്യങ്ങള്‍ ബാക്കി വെച്ചിട്ടുണ്ട്. എന്തായാലും നിന്നെ പുറത്താക്കിയതില്‍ എനിക്ക് പങ്കുണ്ടെന്ന നിൻ്റെ വാദത്തില്‍ ഞാൻ അഭിമാനം കൊള്ളുന്നു. ഇത്രക്ക് ഉളുപ്പില്ലാത്ത ഒരുവനെ പുറത്താക്കുന്നത് സംഘടനക്ക് ചെയ്യുന്ന മികച്ച സംഭാവനയാണ്. അതൊരു സുകൃതമായി തോന്നുകയാണ്.
ജലീലേ,
മന്ത്രിയല്ല ഇന്ത്യൻ പ്രസിഡണ്ട് ആക്കാമെന്ന് പറഞ്ഞാലും നിന്നെ പോലെ, “ആരോടും പ്രതിബദ്ധതയില്ല” എന്ന് രാവിലെ പറഞ്ഞത് ഉച്ചക്ക് ഒരു ഗുളിക കിട്ടിയാല്‍ മാറ്റിപ്പറയാൻ എനിക്കാവില്ല. കാരണം, എനിക്കൊരു മേല്‍വിലാസമുണ്ട്. ഇഹലോകത്ത് നീ കളിച്ച കളിയുടെ ചെറിയ ഭാഗം മാത്രമാണ് പറഞ്ഞത്. പരലോകമൊക്കെ എത്താൻ കുറേ കുറിപ്പുകള്‍ വേണ്ടി വരും. നമുക്ക് പരലോക വിജയവും ചർച്ച ചെയ്യണം. ഞാൻ തയ്യാറാണ്.
Add Comment