Kerala

പ്രശാന്തിനെ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിലക്കി ജയതിലക്; ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: സസ്പെൻഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് ഐഎഎസിനെ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിലക്കി അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസ്. പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജയതിലക് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്.

എസ് സി, എസ് ടി വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തിന് ഫയല്‍ കൈമാറരുതെന്നും നേരിട്ട് ഫയലെത്തിക്കണമെന്നും ജയതിലക് ഓഫീസ് ഉത്തരവായി ഇറക്കി. ഫയലില്‍ എന്‍ പ്രശാന്ത് ഐഎഎസ് അഭിപ്രായം എഴുതേണ്ടെന്നായിരുന്നു നിര്‍ദേശം. മാര്‍ച്ച് മാസം ഏഴാം തീയതി ജയതിലക് പുറത്തിറക്കിയ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്. വകുപ്പ് മന്ത്രി അറിയാതെ ആയിരുന്നു അസാധാരണ നിര്‍ദേശം നല്‍കിയത്. സെക്രട്ടറിയേറ്റ് മാനുവലിനെതിരായിട്ടായിരുന്നു ജയതിലകിന്റെ നിര്‍ദേശം. ഇതിന് എതിരെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു. വകുപ്പ് മാറ്റം ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ആണ് പ്രശാന്തിനെ കൃഷിവകുപ്പിലേക്ക് മാറ്റിയത്. ജയതിലകിനെതിരെ ഫേസ്ബുക്കിലടക്കം അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രശാന്ത് നടത്തിയിരുന്നു.

പ്രശാന്ത് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് എ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിനെതിരെയായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.