Fashion

ദാവണിയെ താരമാക്കി ജാന്‍വി

ഇഷ്ടപ്പെട്ടത് ശ്രീദേവിയെയാണ് മകള്‍ ജാന്‍വി കപൂറിനെയല്ലെന്ന് പരാമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ രംഗത്തുവന്നത് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ്. രാംഗോപാല്‍ വര്‍മയുടെ അഭിപ്രായം എന്തുതന്നെയായാലും ജാന്‍വി കപൂര്‍ യൂത്തിന്റെ ഹൃദയമിടിപ്പാണ്. ഫാഷന്‍പ്രേമികളെയും ജാന്‍വി ഒട്ടും നിരാശരാക്കാറില്ല.

സന്ദര്‍ഭത്തിന് അനുയോജ്യമായ വസ്ത്രധാരണമാണ് മറ്റു ബിടൗണ്‍ താരസുന്ദരികളില്‍ നിന്ന് ജാന്‍വിയെ വേറിട്ട് നിര്‍ത്തുന്നത്. മൂവി പ്രമോഷന്‍, റെഡ് കാര്‍പെറ്റ്, വിവാഹം, എന്തിന് ക്ഷേത്ര ദര്‍ശനം തുടങ്ങി ഈവന്റ് എന്തുമായിക്കൊള്ളട്ടെ ഡ്രസിങ്ങില്‍ ജാന്‍വി ടച്ച് നിര്‍ബന്ധമായും ഉണ്ടായിരിക്കും. ഇന്ത്യന്‍ പരമ്പരാഗത വസ്ത്രമായാലും അള്‍ട്രാ മോഡേണ്‍ വസ്ത്രമായാലും അതിമനോഹരമായി ആ വസ്ത്രത്തെ ക്യാരി ചെയ്യുന്നതിലും താരം ശ്രദ്ധിക്കാറുണ്ട്.

മറ്റു ബിടൗണ്‍ താരങ്ങളില്‍ നിന്ന് വിഭിന്നമായി, അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ ചേര്‍ത്തുപിടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന താരവുമാണ് ജാന്‍വി. ഒരുപക്ഷെ നോര്‍ത്തിന്ത്യയില്‍ ദാവണിക്ക് ഇത്രയേറെ സ്വീകാര്യത നേടിക്കൊടുത്ത മറ്റൊരു താരമുണ്ടാകില്ല. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനും മേക്കപ്പൊന്നുമില്ലാതെ നീലയും പര്‍പ്പിളും നിറത്തിലുള്ള ദാവണിയും ഡയമണ്ട് നെക്ലേസുമണിഞ്ഞ് ഒരു സാധാരണ തമിഴ് പെണ്‍കൊടിയായാണ് ജാന്‍വിയെത്തിയത്.

ദക്ഷിണേന്ത്യക്കാരുടെ ദാവണിക്ക് മോഡേണ്‍ ടച്ചു നല്‍കാനും ജാന്‍വി ശ്രമിക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകളിലും ദാവണിയില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ജാംനഗറില്‍ നടന്ന ചടങ്ങുകള്‍ക്കാണ് പിങ്ക് നിറത്തിലുള്ള ദാവണിയണിഞ്ഞ് താരമെത്തിയത്. ജാന്‍വിക്ക് പുറമേ സഹോദരി ഖുശിയും ദാവണിയില്‍ എത്താറുണ്ട്. എന്തായാലും കുടുംബ ആഘോഷങ്ങള്‍ക്ക് സ്‌റ്റൈലൈസ് ചെയ്ത ദാവണിയിലെത്തുന്നത് കപൂര്‍ സഹോദരിമാരും അവരുടെ സ്‌റ്റൈലിസ്റ്റുകളും തങ്ങളുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.