World

മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജീസെൽ പെലികോയ്ക്ക് നീതി

പാരിസ്: മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജീസെൽ പെലികോയ്ക്ക് നീതി. ഭർത്താവ് ഉൾപ്പെടെ 50 പുരുഷന്മാർ ജീസെൽ പെലികോയെ ബലാത്സംഗം ചെയ്ത കേസിലാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ മുഖ്യ പ്രതിയും ജീസെലിന്റെ മുൻ ഭർത്താവുമായ ഡൊമിനിക് പെലികോയ്ക്ക് 20 വർഷവും, മറ്റ് പ്രതികൾക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും ശിക്ഷ വിധിച്ചു.

ഫ്രാൻസിലാണ് കേസിനാസ്പദമായ സംഭവം. ഒരു ദശാബ്ദ കാലമാണ് ഡൊമിനിക് പെലികോ ഭാര്യയായ ജീസെലിന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡനത്തിനിരയാക്കിയത്. 1973-ലാണ് ജിസേലും ഡൊമിനികും വിവാഹിതരാകുന്നത്. ഫ്രഞ്ച് സർക്കാരിന്റെ വൈദ്യുത കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു പെലികോ. ഇരുവർക്കും മൂന്ന് മക്കളാണുളളത്.

2020 സെപ്റ്റംബറിലാണ് മൂന്നു യുവതികളുടെ വസ്ത്രത്തിനിടയിലൂടെയുള്ള ചിത്രമെടുത്തു എന്ന കേസിൽ ഡൊമിനികിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡൊമിനിക്കിന്റെ ഫോണിൽനിന്ന് 300 അശ്ലീലഫോട്ടോളും ചിത്രങ്ങളും കണ്ടെടുത്തു. മാസാനിയിലെ ഇവരുടെ വസതിയിൽ നിന്നുമാണ് പൊലീസ് ഇത് കണ്ടെടുത്തത്.

ഡൊമിനിക് അറസ്റ്റിലായതിന് ശേഷം ജീസെൽ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഡൊമിനിക് 2011–20 കാലഘട്ടത്തിൽ ഓൺലൈൻ വഴി പരിചയപ്പെട്ടവരാണ് പ്രതികളായ ബാക്കി 50 പേർ. റൂമിൽ സ്ത്രീ ഉറക്കം നടിച്ചു കിടക്കുകയാണെന്നാണ് ഡൊമിനിക് പറഞ്ഞതെന്നാണ് മറ്റ് പ്രതികളുടെ മൊഴി. ‌മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജീസെൽ പെലികോ കോടതിയിലെത്തുന്നത്.

തന്നെ അബോധാവസ്ഥയിലാക്കി അപരിചതർ ബലാത്സംഗം ചെയ്യുന്ന വീഡിയോ ജീസെൽ കോടതിയിൽ ഹാ​ജരാക്കിയിരുന്നു. ഈ കുറ്റകൃത്യത്തിന് ഫ്രാൻസ് നൽകുന്ന പരമാവധിശിക്ഷയായ 20 വർഷം തടവ് പ്രോസിക്യൂട്ടർമാർ വാധിച്ചിരുന്നു. മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഡൊമിനിക് പെലികോയ്ക്കും മറ്റു പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത്.