Kerala

ധാര്‍മികത എന്ന വാക്കിനോട് സിപിഐഎം വിടപറഞ്ഞുവെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ധാര്‍മികത എന്ന വാക്കിനോട് സിപിഐഎം വിടപറഞ്ഞുവെന്ന് മുരളീധരന്‍ പറഞ്ഞു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരുമെന്ന് മുരളീധരന്‍ പറഞ്ഞു.

‘2022നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. കോടതി തന്നെ പറഞ്ഞു അന്വേഷണം തൃപ്തികരമല്ലെന്ന്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. അല്ലെങ്കില്‍ എംഎല്‍എ സ്ഥാനം തന്നെ രാജിക്കേണ്ടി വരും. രാജി വെച്ചാല്‍ മാന്യമായി പോകാം. അല്ലെങ്കില്‍ നാണം കെടും’, കെ മുരളീധരന്‍ പറഞ്ഞു.

ഇനിയും സംരക്ഷിച്ചാല്‍ സിപിഐഎം വഷളാകുമെന്നും അന്നേ മന്ത്രിയോട് തിരിച്ചു കയറാന്‍ ആരും പറഞ്ഞില്ലല്ലോയെന്നും മുരളീധരന്‍ ചോദിച്ചു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിക്കും താഴെയാണെന്നും ഒരു കീഴുദ്യോഗസ്ഥന്‍ എങ്ങനെ മേലുദ്യോഗസ്ഥനെ കുറിച്ച് അന്വേഷിക്കുമെന്നും മുരളീധരന്‍ ചോദിക്കുന്നു. മന്ത്രി രാജി വച്ചാല്‍ പ്രോട്ടോക്കോള്‍ ബാധകമാകില്ല. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രതിഷേധം ആലോചിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോടതി വിധി നേരത്തെ വന്നിരുന്നെങ്കില്‍ പാലക്കാട് സ്റ്റെതസ്‌കോപ്പ് വേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിധി ഇപ്പോള്‍ വന്നതുകൊണ്ട് അങ്ങനൊരു ദോഷം പറ്റിയെന്നും അല്ലെങ്കില്‍ ചിഹ്നമായി കുന്തവും കുടചക്രവും വയ്ക്കാമായിരുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു. മുനമ്പം പ്രശ്‌നത്തില്‍ നിലവിലെ വിഷയം എങ്ങനെ പരിഹരിക്കാം എന്നതിലാണ് ചര്‍ച്ച വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും താന്‍ കേറി മത്സരിക്കേണ്ട അവസ്ഥയില്ലെന്നും ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ തനിക്ക് ആവാന്‍ കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ‘വര്‍ഗീയ സാഹചര്യം ഉണ്ടാക്കരുത്. അബ്ദുറഹിമാന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ തോണ്ടാന്‍ പോയി പ്രശ്‌നം വഷളാക്കുന്നു. അദ്ദേഹത്തിന് ഇതിനെക്കുറിച്ച് പരിജ്ഞാനമില്ല. മലപ്പുറത്തിനപ്പുറം ഒരു ലോകമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. അതിന്റെ കുഴപ്പമാണ്. തെറ്റ് ആരുടെ ഭാഗത്ത് എന്നതല്ല, നിലവിലെ പ്രശ്‌നമാണ് പരിഹരിക്കേണ്ടത്. പരിഹാരമുണ്ടാക്കാനുള്ള ഏതു മാര്‍ഗ്ഗത്തിനൊപ്പവും ഉണ്ടാകും’, മുരളീധരന്‍ പറഞ്ഞു.