Politics

ആട്ടും തുപ്പുമേറ്റ് കഴിയുന്ന കെ മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ല; കെ സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ആട്ടും തുപ്പുമേറ്റ് കഴിയുന്ന കെ മുരളീധരന് ഓട്ടക്കാലിന്‍റെ  വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും അദ്ദേഹം  പറഞ്ഞു

ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നു. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ പറഞ്ഞത് വസ്തുതയാണ്. നിലപാടില്‍ പിന്നീട് മലക്കംമറിഞ്ഞെങ്കിലും ഈ ധാരണ ഇല്ലാതാവുന്നില്ല. എന്നാല്‍ ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് വ്യക്തമാക്കണം. പാര്‍ട്ടിക്കാരിയും പാര്‍ട്ടി സംവിധാനവും ഒരു മനുഷ്യനെ കൊന്നിട്ടും കുടുംബത്തെ പരിഹസിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. വിവാദമായ പെട്രോള്‍ പമ്പ് ബിസിനസ്സിനു പിന്നില്‍ ദിവ്യയ്ക്ക് ഒപ്പം കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. കേരളത്തിന്റെ പൊതുവിഷയത്തിലെല്ലാം എല്‍ഡിഎഎഫ്- യുഡിഎഫ് ധാരണയുണ്ടെന്നും ആ ധാരണയുടെ പൊളിച്ചെഴുത്താവും  നിയമസഭാ ഉപതെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment