പാലക്കാട്: പനയമ്പാടം അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡ് നിര്മാണത്തില് പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആർടിഒയും റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മീഷണറും അഡീഷണൽ കമ്മീഷണറും ഡൽഹിയിലാണുള്ളത്. നാളെ താൻ പാലക്കാട് സന്ദർശിക്കും. നേരിട്ട് അവരുമായി സംസാരിക്കും. മന്ത്രി കൃഷ്ണൻകുട്ടിയുമായും മന്ത്രി മുഹമ്മദ് റിയാസുമായും കൂടിയിരുന്ന് ആലോചിച്ച് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
വിഷയം ആഴത്തിൽ പഠിച്ച് മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കും. ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തേണ്ട ചുമതല മോട്ടോർ വാഹന ഡിപ്പാർട്ട്മെൻ്റിനാണ്. ഒരു ലിസ്റ്റ് തരാൻ പിഡബ്ല്യൂഡി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പനയമ്പാടത്തെ കാര്യം തന്റെ ശ്രദ്ധയിൽ വന്നില്ല, വന്നിരുന്നുവെങ്കിലും അതിൽ ഇടപെടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികമായ പ്രശ്നങ്ങളും പഞ്ചായത്ത് മെമ്പർമാരുടെ അഭിപ്രായങ്ങളും കേട്ട ശേഷം വേണം റോഡ് ഡിസൈൻ ചെയ്യാനെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അവിടെ നടന്ന പ്രശ്നങ്ങൾ അവിടുത്തുകാർക്ക് അറിയാം. വിഷയത്തിൽ ഇടപെടും. റിയാസുമായി സംസാരിച്ചിട്ടുണ്ട്. അടിയന്തിരമായി മീറ്റിങ് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘റോഡിൻ്റെ ഡിസൈനുമായി ബന്ധപ്പെട്ട് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരേയും കൺസൾട്ടന്റിനേയും അയക്കും. മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സമർപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കും. പിഡബ്ല്യൂഡി മാറ്റം വരുത്താൻ ശ്രമിക്കും. ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തി ഒരു ലിസ്റ്റ് തരാൻ പിഡബ്ല്യൂഡി ആവശ്യപ്പെടും. ധാരാളം സ്ഥലങ്ങളിൽ ബ്ലൈൻഡ് സ്പോട്ടുകളുണ്ട്. പിഡബ്ല്യൂഡിക്ക് മാത്രമേ ഇത് പണിയാൻ സാധിക്കുകയുള്ളൂ. മന്ത്രി റിയാസുമായി യോഗം കൂടി തീരുമാനിക്കും.
‘ഹൈവെ പണിയാൻ വരുന്നിടത്ത് എഞ്ചിനിയേഴ്സിന് വലിയ റോളില്ല. ഓരോ കമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. അവരുടെ കോൺട്രാക്ടർമാരും അവരുടെ ഡിസൈനിങ്ങുമാണ്. വേൾഡ് ബാങ്കിൻ്റെ റോഡ് പോലെയാണ്. വേൾഡ് ബാങ്കിൻ്റെ റോഡിൽ പ്രാദേശികമായ എഞ്ചിനീയർമാർക്കോ പ്രാദേശിക പ്രതിനിധകൾക്കും കാര്യമില്ല. അവർ പണം തരും ഗൂഗിൾ മാപ്പ് വഴി ഡിസൈൻ തയ്യാറാക്കും. ഇതെല്ലാം ഗ്രൗണ്ട് ലെവലിൽ നിന്ന് സൈറ്റിൽ വന്നാണ് ചെയ്യേണ്ടത്. എന്നാൽ സൈറ്റിൽ നിന്നല്ല ഇതൊന്നും ഡിസൈൻ ചെയ്തത്. ദൗർഭാഗ്യവശാൽ പല റോഡുകളും ഡിസൈൻ ചെയ്തത് ഗൂഗിൾ മാപ്പിലാണ്. വളവിൽ വരുന്ന ഇറക്കവും കയറ്റവുമൊന്നും ശ്രദ്ധിക്കില്ല’, മന്ത്രി പറഞ്ഞു.
Add Comment