Kerala

ഒരാൾ മരിച്ച കൽപ്പറ്റ ചുണ്ടേൽ വാഹനാപകടം ആസൂത്രിതമെന്ന് ആരോപണം

കല്‍പ്പറ്റ: ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ഥാർ ജീപ്പ് ഇടിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ കാപ്പുകുന്ന് കുന്നത്തു പിടിയേക്കല്‍ നവാസ്(40)മരിച്ച സംഭവം വിവാദത്തില്‍.

അപകടം ആസൂത്രിതമാണെന്നു നവാസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചതാണ് ഇതിന് ആധാരം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നവാസ് സംഭവസ്ഥലത്ത് മരിച്ചു. അപകട സാധ്യത കുറഞ്ഞ സ്ഥലത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സുമില്‍ഷാദ് എന്നയാളാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇയാള്‍ക്ക് നവാസിനോട് വ്യക്തിവിരോധം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. രാവിലെ ഏഴു മുതല്‍ ചുണ്ടേല്‍ തോട്ടം കവലയില്‍ ഉണ്ടായിരുന്ന സുമില്‍ഷാദ് ചുണ്ടേല്‍ ടൗണിലായിരുന്ന നവാസിനെ ഫോണില്‍ വിളിച്ചാണ് എസ്റ്റേറ്റ് റോഡില്‍ എത്തിച്ചെന്ന ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്.

ബന്ധുക്കളുടെ പരാതിയില്‍ സുമില്‍ഷാദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുമില്‍ഷാദിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. സുമില്‍ഷാദിനും നവാസിനും ചുണ്ടേലില്‍ റോഡിന് ഇരുവശങ്ങളിലായി കട ഉണ്ട്. കച്ചവടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തേ തർക്കം നടന്നിരുന്നു.

സുമില്‍ഷാദിന്‍റെ പിതാവ് ചുണ്ടേല്‍ വെള്ളംകൊല്ലിയില്‍ നടത്തുന്ന റസ്റ്ററന്‍റിനുനേരേ ഇന്നലെ കല്ലേറുണ്ടായി. ബൈക്കില്‍ എത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. മുൻവശത്തെ ചില്ല് തകർന്നു. റസ്റ്ററന്‍റിനു പോലീസ് കാവല്‍ ഏർപ്പെടുത്തി.