Kerala

ദിവ്യയെ യോഗത്തിലേക്ക് വിളിച്ചില്ല, തടയാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാവുമെന്നതിനാൽ

എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ ഒടുവില്‍ പ്രതികരിച്ച്‌ കണ്ണൂർ കളക്ടർ അരുണ്‍ കെ. വിജയൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവരുമായി അന്വേഷിക്കാമെന്നും കണ്ണൂർ കളക്ടർ പറഞ്ഞു.

നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുണ്‍ കെ വിജയൻ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതികരിക്കുന്നതില്‍ പരിമിതികളുണ്ട്. സ്റ്റാഫ് കൌണ്‍സില്‍ ആയിരുന്നു പരിപാടിയുടെ സംഘാടകർ. എന്നാല്‍ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാൻ കളക്ടർ തയ്യാറായില്ല. പ്രോട്ടോക്കോള്‍ ലംഘനം ആവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നതെന്നും കളക്ടർ അരുണ്‍ കെ വിജയൻ പ്രതികരിക്കുന്നത്.

കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ രൂക്ഷമായ വിമർശനമാണ് നവീൻ ബാബുവിന്റെ അമ്മാവൻ ഇന്ന് നടത്തിയത്. കളക്ടർ ലീവ് അടക്കമുള്ള കാര്യങ്ങളില്‍ നടത്തിയ സമീപനത്തേക്കുറിച്ചും നവീൻ ബാബുവിന്റെ അമ്മാവൻ കളക്ടർക്കെതിരെ പ്രതികരിച്ചിരുന്നു. കളക്ടർ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളില്‍ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് കൊടുക്കാൻ മടിക്കും. അഥവാ ലീവ് നല്‍കിയാല്‍ തന്നെ നാട്ടിലെത്തുമ്ബോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നല്‍കും. എല്ലാ ഉത്തരവാദിത്തങ്ങളും നവീൻ ബാബുവിന് ഏല്‍പ്പിച്ച്‌ പോകുന്ന ആളായിരുന്നു കളക്ടർ അരുണ്‍ കെ വിജയൻ എന്നുമാണ് നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ ആരോപിച്ചത്.

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഡാലോചനയില്‍ കളക്ടർക്ക് പങ്കുണ്ട്. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്ബസാരം തങ്ങള്‍ക്ക് വേണ്ടെന്നാണ് ബാലകൃഷ്ണൻ കളക്ടറുടെ അനുശോചന കുറിപ്പിനേക്കുറിച്ച്‌ പറഞ്ഞത്. പൊലീസിന് ശ്രമിച്ചാല്‍ ഗൂഡാലോചന നടത്തിയവരെ ചോദ്യം ചെയ്യാൻ സാധിക്കും. ജില്ലയുടെ അധികാരിയായ കളക്ടർ ദിവ്യ സംസാരിച്ചതിനേ തിരുത്താനോ പിന്നീട് നവീൻ ബാബുവിനെ ആശ്വസിപ്പിക്കാനോ ശ്രമിച്ചില്ല. ഇതും നവീനിനെ വിഷമം തോന്നാൻ കാരണമായിട്ടുണ്ട്. നവീൻ ബാബു അത്തരക്കാരനല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് കളക്ടർക്ക് പറയാമായിരുന്നു. ഒരു പക്ഷേ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പേടിയായിരിക്കാമെന്നും ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ദിവ്യ പോയതിന് ശേഷം ഒരു ആശ്വാസ വാക്കുപോലും പറയാൻ കളക്ടർ തയ്യാറായില്ല. മരണത്തിന് ശേഷം നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്ന് കളക്ടർ പറഞ്ഞു. എന്നാല്‍ യാത്രയയപ്പ് ചടങ്ങിലെ സംഭവങ്ങള്‍ക്ക് ശേഷം ഒരു ആശ്വാസ വാക്ക് പറയാൻ കളക്ടർ അരുണ്‍ കെ വിജയൻ തയ്യാറായില്ലെന്നും നവീൻ ബാബുവിന്റെ അമ്മാവൻ ആരോപിച്ചത്.