കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പിൽ നിന്ന് പി പി ദിവ്യ വിട്ടു നിന്നു.
തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു. കളക്ടർ അരുൺ കെ വിജയൻ ആണ് വിലക്കിയത്. ഇതനുസരിച്ച് രാവിലെ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വലിയ സുരക്ഷയാണ് പഞ്ചായത്തിന് പുറത്ത് ഒരുക്കിയിരുന്നത്.
നിയുക്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആശംസയുമായി പ്രതിപക്ഷവും രംഗത്തെത്തി. ജാമ്യത്തിലായതിനാലാണ് പി പി ദിവ്യ വോട്ട് ചെയ്യാൻ എത്താതിരുന്നത് എന്നും വോട്ടെടുപ്പിന് വന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്ന രീതിയിൽ പ്രചാരണം നടക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്നും രത്നകുമാരി പറഞ്ഞു.
Add Comment