Entertainment

ബ്ലഡി ബെഗ്ഗറിൽ ആദ്യ ചോയ്‌സ് കവിൻ ആയിരുന്നില്ല; നെൽസൺ ദിലീപ് കുമാർ

ദീപാവലി റിലീസുകളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് ബ്ലഡി ബെഗ്ഗർ. ഹിറ്റ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ നിർമിക്കുന്ന ചിത്രത്തിൽ യുവതാരം കവിൻ ആണ് നായകനാവുന്നത്. നെൽസൺ സിനിമകളിൽ അസോസിയേറ്റായിരുന്ന ശിവബാലൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 31 നാണ് റിലീസ് ചെയ്യുന്നത്.

അതേസമയം ബ്ലഡി ബെഗ്ഗറിൽ നായകനായി കവിൻ ആദ്യ ചോയ്‌സ് ആയിരുന്നില്ലെന്നാണ് നെൽസൺ പറയുന്നത്. ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെയായിരുന്നു നെൽസൺ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ വിജയ് സേതുപതിയെ നായകനാക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്, അല്ലെങ്കിൽ ധനുഷ്. എന്നാൽ സംവിധായകൻ ശിവബാലൻ കവിൻ മതിയെന്ന് ശക്തമായി വാദിച്ചെന്നാണ് നെല്‍സണ്‍ പറയുന്നത്.

സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ സിനിമയിലെ അഭിനേതാക്കളെ തീരുമാനിക്കരുതെന്നായിരുന്നു താൻ ശിവബാലനോട് പറഞ്ഞത്. എന്നാൽ കവിന്റെ പേര് ശിവബാലൻ നിരന്തരം നിർദ്ദേശിക്കുകയും കവിനല്ലാതെ മറ്റൊരു നടനെ തനിക്ക് ആവശ്യമില്ലെന്ന് പറയുകയും ചെയ്‌തെന്നും നെൽസൺ പറഞ്ഞു.

ഭിക്ഷക്കാരനായുള്ള കവിന്റെ ലുക്ക് ടെസ്റ്റ് കഴിഞ്ഞപ്പോളാണ് തനിക്ക് സിനിമയിൽ ആത്മവിശ്വാസം വർധിച്ചതെന്നും ഒരു നിർമ്മാതാവ് എന്ന നിലയിൽ ഷൂട്ടിംഗിൽ അധികം ഇടപെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മുഴുവനായി കണ്ടതിന് ശേഷം താൻ കൂടുതൽ സന്തോഷവാനായെന്നും നെൽസൺ പറഞ്ഞു.

മലയാളി താരം സുനിൽ സുഖദയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ്‌രാജ്, ടി എം കാർത്തിക്, പദം വേണു കുമാർ, അർഷാദ്, പ്രിയദർശിനി രാജ്കുമാർ, മിസ് സലീമ, അക്ഷയ ഹരിഹരൻ, അനാർക്കലി നാസർ, ദിവ്യ വിക്രം, തനൂജ മധുരപന്തുല, രോഹിത് ഡെനിസ്, വിദ്യുത് ഡെനിസ്, വിദ്യുത് ഡെനിസ്, എന്നിവരാണ് ബ്ലഡി ബെഗ്ഗറിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നിർമ്മൽ ആണ് ചിത്രത്തിന്റെ എഡിറ്റർ. ജെൻ മാർട്ടിൻ ആണ് ബ്ലഡി ബെഗ്ഗറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

About the author

KeralaNews Reporter

Add Comment

Click here to post a comment