Kerala

കെ.സി വേണുഗോപാൽ ജി.സുധാകരനെ സന്ദർശിച്ചു

സിപിഎം വേദികളില്‍ നിന്ന് പൂർണമായും മാറ്റിനിർത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു.

സൗഹൃദ സന്ദർശനം മാത്രമെന്ന് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ എത്തിയാണ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ കണ്ടത്.

പിന്നീട് പ്രതികരിച്ച കെസി വേണുഗോപാല്‍ തങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദ‍ർശനം മാത്രമാണെന്നും പറഞ്ഞു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെസി വേണുഗോപാലിൻ്റെ സന്ദ‍ർശനത്തിൻ്റെ പിന്നാലെയുള്ള ജി സുധാകരൻ്റെ ചോദ്യം. തങ്ങള്‍ ദീർഘകാലം നിയമസഭയില്‍ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.

സുധാകരനെ കാണുന്നതിന് മുൻപ് സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് വോട്ട് ചോർച്ചയുള്ളതായി അദ്ദേഹം വിമർശിച്ചിരുന്നു. സിപിഎം കോട്ടകളില്‍ ബിജെപി വോട്ട് കൂടിയെന്നും അവർക്കിടയില്‍ നിന്നാണ് ചോർച്ച ഉണ്ടായതെന്നും പറഞ്ഞ അദ്ദേഹം അത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു. സിപിഎം ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നില്ല. ചോർച്ച ഇല്ലാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുമായി ഡീല്‍ ഉണ്ടെന്നായിരുന്നു ആരോപണം. പക്ഷെ ആളുകള്‍ പോകുന്നത് അവരുടെ കൂട്ടത്തില്‍ നിന്നാണ്. അക്കാര്യം ശ്രദ്ധിക്കേണ്ടത് അവരാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു